വരാനിരിക്കുന്ന 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സിപിഐഎമ്മിനെ നയിക്കും.
തുടർച്ചയായ രണ്ട് ടേം പൂർത്തിയാക്കിയവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പാർട്ടി നിശ്ചയിച്ചിട്ടുള്ള നിബന്ധനയിൽ പിണറായി വിജയന് ഇളവ് നൽകാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നുവെങ്കിലും, പ്രചാരണം നയിക്കാൻ പിണറായി വിജയൻ അല്ലാതെ മറ്റൊരു പേരും പരിഗണനയിലില്ലെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. വ്യക്തിപരമായ താൽപ്പര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ അദ്ദേഹത്തിന്റെ കാര്യത്തിൽ മാറ്റം ഉണ്ടാകൂ എന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്ത പാർട്ടി യോഗങ്ങളിൽ നേതാക്കളുടെ പെരുമാറ്റത്തെക്കുറിച്ച് ഗൗരവമായ വിമർശനങ്ങൾ ഉയർന്നു.
പൊതുസമൂഹത്തിൽ നേതാക്കളുടെ ഇടപഴകൽ കൂടുതൽ മാന്യമാകണമെന്നും പ്രാദേശിക തലത്തിലുള്ള അഴിമതി ആരോപണങ്ങളിൽ മേൽക്കമ്മിറ്റികൾ കൃത്യമായി ഇടപെടണമെന്നും നിർദ്ദേശമുണ്ട്.
സഹകരണ ബാങ്ക് അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ വിനയായെന്ന് വിലയിരുത്തിയ നേതൃത്വം, താഴെത്തട്ടിലുള്ള പ്രവർത്തകരുടെ നല്ല പെരുമാറ്റമാണ് വലിയൊരു തകർച്ചയിൽ നിന്ന് പാർട്ടിയെ രക്ഷിച്ചതെന്നും നിരീക്ഷിച്ചു. 2026-ൽ മൂന്നാം ഭരണത്തുടർച്ച എന്ന ലക്ഷ്യത്തോടെ പിണറായി വിജയന്റെ നേതൃത്വത്തിൽ ശക്തമായ തിരിച്ചുവരവിനാണ് പാർട്ടി ഇപ്പോൾ ഒരുങ്ങുന്നത്.



