India Mirror News

വേനൽ മഴയെത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

വേനൽ മഴയെത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ 29-ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 30-ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് ജാഗ്രതാ നിർദ്ദേശമുള്ളത്. മെയ് ഒന്നാം തീയതിയോടെ പത്തനംതിട്ട, ഇടുക്കി ജില്ലകൾക്ക് പുറമെ വയനാട്ടിലും മഴ ശക്തമാകുമെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കാവുന്ന ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്. മഴയെത്തുന്നത് ആശ്വാസകരമാണെങ്കിലും സംസ്ഥാനത്ത് നിലവിലുള്ള കഠിനമായ ചൂടിന് ഉടനടി ശമനമുണ്ടാകില്ലെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു.

ഇന്നും നാളെയും വിവിധ ജില്ലകളിൽ ഉയർന്ന താപനില തുടരും. പാലക്കാട് 40 ഡിഗ്രി സെൽഷ്യസും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസും വരെ ചൂട് ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയുമായിരിക്കും ചൂട് അനുഭവപ്പെടുക. തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. വരുംദിവസങ്ങളിൽ മഴ എത്തുന്നതോടെ അന്തരീക്ഷ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *