India Mirror News

അർണബ് ചുഴലിക്കാറ്റ് കരതൊട്ടു: അതിതീവ്രത കുറഞ്ഞു; ആന്ധ്രയിലും ഒഡീഷയിലും കനത്ത ജാഗ്രത

അർണബ് ചുഴലിക്കാറ്റ് കരതൊട്ടു: അതിതീവ്രത കുറഞ്ഞു; ആന്ധ്രയിലും ഒഡീഷയിലും കനത്ത ജാഗ്രത

അതിതീവ്ര ചുഴലിക്കാറ്റായിരുന്ന ‘അർണബ്’ കരതൊട്ടതോടെ തീവ്രത കുറഞ്ഞ് തീവ്ര ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്കും യാനത്തിനും ഇടയിലുള്ള നരസാപൂരിലാണ് മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചത്. പുലർച്ചെ രണ്ട് മണിക്ക് ആരംഭിച്ച ലാൻഡ്ഫാൾ നടപടികൾ രാവിലെ എട്ട് മണിയോടെ പൂർത്തിയായി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വിശാഖപട്ടണം, കാക്കിനട എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഒഡിഷയിലും അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണ് വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായതെങ്കിലും ഇതുവരെ ആൾനാശമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. കാക്കിനടയിലെ വെയർഹൗസ് ഗോഡൗണിൽ കുടുങ്ങിയ നാലുപേരെ പോലീസ് വിജയകരമായി രക്ഷപ്പെടുത്തി. അപകടാവസ്ഥ പൂർണ്ണമായി ഒഴിയുന്നത് വരെ ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അതിനിടെ, ഒഡീഷ സർക്കാരും ശക്തമായ മുന്നൊരുക്കങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. ഒഡീഷയിൽ 26 ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും പലതിന്റെയും സമയക്രമം മാറ്റുകയും ചെയ്തു. 16 ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച ഒഡീഷ സർക്കാർ, വിവിധ ജില്ലകളിൽ നിന്നായി 48,000 പേരെ 1,700-ലധികം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കനത്ത മഴ കണക്കിലെടുത്ത് ഒഡീഷയിലെ പല ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷ തീരത്ത് ഈ മാസം 29 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തുകയും ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് സർക്കാർ കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *