ചേരാനല്ലൂർ വാഹനാപകടക്കേസിൽ ഉൾപ്പെട്ട പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ പിഴവുകൾ തിരുത്തി പുതിയ അപ്പീൽ ഫയൽ ചെയ്തു. മുൻപ് ഫയൽ ചെയ്ത അപ്പീലിൽ പ്രായപൂർത്തിയാകാത്ത പ്രതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിന് കോടതി വിമർശിച്ചതിനെ തുടർന്ന്, ഇത്തവണ പ്രതിയുടെ പേര് മാസ്ക് ചെയ്താണ് ഹർജി സമർപ്പിച്ചത്. എറണാകുളത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള കോടതിയാണ് കേസ് പരിഗണിക്കുന്നത്. അപകട സമയത്ത് വാഹനം മണിക്കൂറിൽ 108 കിലോമീറ്റർ അമിതവേഗതയിലായിരുന്നുവെന്നും, കനത്ത മഴയുള്ളപ്പോൾ അപകടസാധ്യത അറിഞ്ഞിട്ടും ഒറ്റക്കൈകൊണ്ട് വാഹനമോടിക്കുകയും സെൽഫി എടുക്കുകയും ചെയ്തിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. യാതൊരു രേഖകളും പരിഗണിക്കാതെയാണ് ജുവനൈൽ ബോർഡ് ആദ്യഘട്ടത്തിൽ ജാമ്യം നൽകിയതെന്നും, പ്രതിയെ ഒബ്സർവേഷൻ ഹോമിൽ വെച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം, അപകടം നടന്ന സ്ഥലത്ത് അഡീഷണൽ ജഡ്ജിയായ കുട്ടിയുടെ അച്ഛനും സുഹൃത്തുക്കളും മൂന്ന് മണിക്കൂറോളം ചെലവഴിച്ച് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം കോടതിയിൽ ആരോപിച്ചു. എന്നാൽ കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോൾ നിഗമനങ്ങളിൽ എത്തേണ്ടതില്ലെന്നും വ്യക്തമാക്കിയ കോടതി, പ്രായപൂർത്തിയാകാത്ത കുട്ടി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടാൽ രക്ഷകർത്താക്കളെ വിവരം അറിയിക്കുന്നത് നിയമപരമായ നടപടി മാത്രമാണെന്ന് കൂട്ടിച്ചേർത്തു.



