India Mirror News

പാലക്കാട് 40 ഡിഗ്രി; കേരളം ചുട്ടുപൊള്ളുന്നു; ആറ് ജില്ലകളിൽ വേനൽമഴയ്ക്ക് സാധ്യത

പാലക്കാട് 40 ഡിഗ്രി; കേരളം ചുട്ടുപൊള്ളുന്നു; ആറ് ജില്ലകളിൽ വേനൽമഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യങ്ങൾ തുടരുന്നതിനിടെ ആശ്വാസവാർത്തയുമായി വേനൽമഴയുടെ പ്രവചനം. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. നിലവിൽ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നുണ്ട്. സാധാരണ ലഭിക്കുന്നതിനേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കാം. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

കടുത്ത ചൂടിനിടയിലും ആശ്വാസമായി ഇന്ന് മുതൽ ഏപ്രിൽ 24 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം എന്നീ ആറ് ജില്ലകളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. മഴയ്ക്കൊപ്പം തന്നെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റുവീശാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ഇതിനിടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയത് ആശ്വാസകരമാണ്. വരും ദിവസങ്ങളിൽ മഴ ലഭിക്കുന്നതോടെ താപനിലയിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *