ആപ്പിൾ സിഇഒ പദവിയിൽ നിന്ന് ടിം കുക്ക് പടിയിറങ്ങുന്നു. ദീർഘകാലത്തെ തകർപ്പൻ നേട്ടങ്ങൾക്ക് ശേഷമുള്ള ഈ മാറ്റം കമ്പനിയുടെ ഹാർഡ്‌വെയർ എഞ്ചിനീയറിങ് വൈസ് പ്രസിഡന്റായ ജോൺ ടെർനസിനെ പുതിയ സാരഥിയായി പ്രഖ്യാപിച്ചുകൊണ്ടാണ് ആപ്പിൾ സ്ഥിരീകരിച്ചത്. സ്ഥാനമൊഴിയുന്ന ടിം കുക്ക് കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി തുടരും. ‘മാറ്റത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന’ സന്ദേശത്തോടെ ജീവനക്കാർക്കയച്ച ഇമെയിലിലാണ് അദ്ദേഹം തന്റെ തീരുമാനം വ്യക്തമാക്കിയത്. 2011-ൽ ആപ്പിളിന്റെ നേതൃത്വമേറ്റെടുത്ത കുക്കിന്റെ കാലയളവിൽ കമ്പനിയുടെ വിപണി മൂല്യം 350 ബില്യൺ ഡോളറിൽ നിന്ന് 4 ട്രില്യൺ ഡോളർ എന്ന റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചു. ഐഫോൺ, ഐപാഡ് തുടങ്ങിയവയുടെ വികാസത്തിന് പുറമെ ആപ്പിൾ വാച്ച്, എയർപോഡ്സ്, ആപ്പിൾ വിഷൻ പ്രോ തുടങ്ങിയ നൂതന ഉൽപ്പന്നങ്ങൾക്കും ആപ്പിൾ മ്യൂസിക്, ആപ്പിൾ പേ തുടങ്ങിയ സേവനങ്ങൾക്കും തുടക്കമിട്ടത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
ആപ്പിളിനെ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയാക്കി മാറ്റിയ ടിം കുക്ക്, വരുമാനം നാലിരട്ടിയായി വർദ്ധിപ്പിച്ച ശേഷമാണ് വഴിമാറുന്നത്. ജെഫ് ബെസോസും റീഡ് ഹേസ്റ്റിങ്സും പടിയിറങ്ങിയതിന് സമാനമായ ഒരു തലമുറമാറ്റത്തിനാണ് ആപ്പിളും ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. തനിക്ക് പകരക്കാരനാകുന്ന 55-കാരനായ ജോൺ ടെർനസിന്റെ കഴിവിലും സ്വഭാവത്തിലും തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും പുതിയ റോളിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും കുക്ക് പറഞ്ഞു. ഐഫോൺ, ഐപാഡ്, മാക് എന്നിവയുടെ സാങ്കേതിക വിദ്യകളിൽ കഴിഞ്ഞ അഞ്ച് വർഷമായി ടെർനസ് പുലർത്തിയ മികവാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് എത്തിച്ചത്.
2026 സെപ്റ്റംബർ ഒന്നിനാണ് ജോൺ ടെർനസ് ഔദ്യോഗികമായി ചുമതലയേൽക്കുന്നത്. അതുവരെയുള്ള മാസങ്ങളിൽ സുഗമമായ ഭരണമാറ്റത്തിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകി ടിം കുക്ക് പദവിയിൽ തുടരും. ആപ്പിളിനെ നയിക്കാൻ ലഭിച്ച അവസരം ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് പ്രതികരിച്ച കുക്ക്, കമ്പനിയോടുള്ള തന്റെ ആഴത്തിലുള്ള സ്നേഹം ഒരിക്കൽ കൂടി വെളിപ്പെടുത്തി. പുതിയ സിഇഒ ആയി നിയമിതനായ ജോൺ ടെർനസ്, കമ്പനിയുടെ ദൗത്യം കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ താൻ സന്തുഷ്ടനാണെന്ന് വ്യക്തമാക്കി.



