രാജ്യത്ത് വർദ്ധിച്ചുവരുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകളെ തടയുന്നതിന്റെ ഭാഗമായി ജനുവരി മുതൽ ഇതുവരെ 9400-ലധികം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ നിർദ്ദേശപ്രകാരം നടത്തിയ ഈ നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര സർക്കാരാണ് സുപ്രീംകോടതിയെ അറിയിച്ചത്. അറ്റോണി ജനറൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തട്ടിപ്പ് ശൃംഖലയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള കർശനമായ എൻഫോഴ്‌സ്‌മെന്റ് നടപടികളെക്കുറിച്ച് വ്യക്തമാക്കുന്നത്. വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾക്ക് പുറമെ, തട്ടിപ്പുകാർ ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് സ്കൈപ്പ് ഐഡികളും റദ്ദാക്കിയിട്ടുണ്ട്. തട്ടിപ്പ് തുടരാതിരിക്കാൻ ഈ അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ചിരുന്ന മൊബൈൽ ഫോണുകളുടെ ഉപകരണ ഐഡികൾ (Device IDs) കൂടി ബ്ലോക്ക് ചെയ്യാൻ സർക്കാർ നിർദ്ദേശം നൽകി കഴിഞ്ഞു.
പൊലീസ്, സിബിഐ, അല്ലെങ്കിൽ ലഹരിവിരുദ്ധ വിഭാഗം എന്നീ ഏജൻസികളിലെ ഉദ്യോഗസ്ഥരാണെന്ന് വ്യാജേന വീഡിയോ കോളുകൾ വഴിയാണ് തട്ടിപ്പുകാർ ഇരകളെ കുടുക്കുന്നത്. നിയമവിരുദ്ധമായ സാധനങ്ങൾ അടങ്ങിയ കൊറിയറുകൾ നിങ്ങളുടെ പേരിൽ വന്നിട്ടുണ്ടെന്നോ, ബാങ്ക് അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളുപ്പിച്ചെന്നോ ഭീഷണിപ്പെടുത്തിയാണ് ഇവർ സംഭാഷണം തുടങ്ങുന്നത്. തുടർന്ന് വീഡിയോ കോളിലൂടെ നിങ്ങളെ ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്തിരിക്കുകയാണെന്ന് വിശ്വസിപ്പിക്കുകയും കേസിൽ നിന്ന് ഒഴിവാകാൻ വലിയ തുക ആവശ്യപ്പെടുകയുമാണ് ഇവരുടെ ശൈലി. ഇത്തരത്തിൽ ആസൂത്രിതമായി ഭയപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളെ പൂർണ്ണമായും ഇല്ലാതാക്കാനാണ് കേന്ദ്ര ഏജൻസികൾ ഇപ്പോൾ ശ്രമിക്കുന്നത്. ഉപകരണം തന്നെ ബ്ലോക്ക് ചെയ്യുന്നതിലൂടെ അതേ ഫോൺ ഉപയോഗിച്ച് വീണ്ടും പുതിയ അക്കൗണ്ടുകൾ തുടങ്ങുന്നത് തടയാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.



