ഗുജറാത്തിലെ സൂറത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ശാഖയിൽ തോക്കുധാരികളായ അഞ്ചംഗ സംഘം പട്ടാപ്പകൽ വൻ കവർച്ച നടത്തി. വരാച്ച പ്രദേശത്തെ ലംബെ ഹനുമാൻ റോഡിലുള്ള ബാങ്ക് ശാഖയിൽ തിങ്കളാഴ്ചയാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള സംഭവം അരങ്ങേറിയത്. സുരക്ഷാ ഉദ്യോഗസ്ഥൻ സ്ഥലത്തില്ലാതിരുന്ന സമയം മുതലെടുത്ത മോഷ്ടാക്കൾ, ബാങ്കിലെ സൈറൺ വിച്ഛേദിച്ച ശേഷമാണ് അകത്തുകടന്നത്. ഏകദേശം 50 മിനിറ്റോളം ജീവനക്കാരെയും ഉപഭോക്താക്കളെയും തോക്കിൻമുനയിൽ ബന്ദികളാക്കിയ സംഘം 52 ലക്ഷം രൂപയുമായി കടന്നുകളയുകയായിരുന്നു. ബാങ്കിലുള്ളവരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങിയ ശേഷമായിരുന്നു കവർച്ചയെന്ന് സൂറത്ത് ഡെപ്യൂട്ടി കമ്മീഷണർ അലോക് കുമാർ വ്യക്തമാക്കി.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ബാങ്കിനുള്ളിലെ സിസിടിവി ദൃശ്യങ്ങളിൽ അഞ്ച് പേരെ വ്യക്തമായി കാണാമെങ്കിലും കവർച്ചയ്ക്ക് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രതികളെ തിരിച്ചറിയുന്നതിനായി ബാങ്കിന് പുറത്തെയും സമീപത്തെ കടകളിലെയും റോഡുകളിലെയും ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചകൾ മുതലെടുത്ത് നടന്ന ഈ കവർച്ച നഗരത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.



