India Mirror News

കോൺഗ്രസിൽ ചർച്ചകൾ മുറുകുന്നു; ആഭ്യന്തരത്തിനായി ഉറച്ചുനിന്ന് രമേശ് ചെന്നിത്തല

കോൺഗ്രസിൽ ചർച്ചകൾ മുറുകുന്നു; ആഭ്യന്തരത്തിനായി ഉറച്ചുനിന്ന് രമേശ് ചെന്നിത്തല

കേരളത്തിൽ പുതിയ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ വകുപ്പ് വിഭജനത്തെച്ചൊല്ലി കോൺഗ്രസ് നേതൃത്വത്തിൽ അണിയറനീക്കങ്ങൾ ശക്തമാകുന്നു. തനിക്ക് ആഭ്യന്തര വകുപ്പ് ലഭിക്കുകയാണെങ്കിൽ മാത്രമേ മന്ത്രിസഭയുടെ ഭാഗമാകൂ എന്ന കടുത്ത നിലപാടിലാണ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തരം ലഭിച്ചില്ലെങ്കിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന അദ്ദേഹം, തന്റെ ഒപ്പമുള്ള രണ്ട് എംഎൽഎമാരെ മന്ത്രിമാരാക്കണമെന്ന ആവശ്യവും മുന്നോട്ടുവെക്കും. ഇതിനുപുറമെ ബോർഡ് കോർപ്പറേഷനുകളിൽ അർഹമായ പ്രാതിനിധ്യവും ജോസഫ് വാഴയ്ക്കനെ കെപിസിസി അധ്യക്ഷനാക്കണമെന്ന നിർദ്ദേശവും ഉന്നത നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം ആവശ്യപ്പെടും. വൈകുന്നേരത്തോടെ കേരളത്തിലെത്തുന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി നടത്തുന്ന ചർച്ചയിൽ ചെന്നിത്തല ഈ ആവശ്യങ്ങൾ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് സൂചന.

എന്നാൽ ആഭ്യന്തര വകുപ്പ് വിട്ടുനൽകിയാൽ ഭരണത്തിൽ ഒന്നിലധികം അധികാരകേന്ദ്രങ്ങൾ രൂപപ്പെടുമെന്ന ആശങ്കയിലാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയുടെ കൈവശം തന്നെ വെച്ചുകൊണ്ട് രമേശ് ചെന്നിത്തലയ്ക്ക് ധനകാര്യം പോലുള്ള മറ്റ് പ്രധാന വകുപ്പുകൾ നൽകുന്നതിനെക്കുറിച്ചുള്ള ആലോചനകളും കോൺഗ്രസ് ക്യാമ്പിൽ നടക്കുന്നുണ്ട്. അതേസമയം, രമേശ് ചെന്നിത്തല പുതിയ മന്ത്രിസഭയിൽ ഉണ്ടാകേണ്ടത് മുന്നണിയുടെ ഐക്യത്തിന് അനിവാര്യമാണെന്ന നിലപാടിലാണ് ഘടകകക്ഷികളും മറ്റ് മുതിർന്ന നേതാക്കളും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി.ജെ. ജോസഫ് ഈ ആവശ്യം ഉന്നയിച്ചു. സമാനമായ രീതിയിൽ രമേശ് ചെന്നിത്തല മന്ത്രിസഭയിലുണ്ടാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യനും മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. നേതാക്കളുടെ കടുംപിടുത്തങ്ങൾക്കിടയിൽ പരമാവധി വിട്ടുവീഴ്ചകളോടെയുള്ള ഒരു സമവായ ഫോർമുല കണ്ടെത്താനുള്ള ശ്രമത്തിലാണ് ഹൈക്കമാൻഡ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *