വൈദേകം ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട സാമ്പത്തിക നിക്ഷേപ ആരോപണങ്ങളിൽ കടുത്ത നിയമനടപടിയുമായി സി.പി.എം നേതാവ് ഇ.പി. ജയരാജൻ രംഗത്തെത്തി. ആരോപണം ഉന്നയിച്ച സഹോദരീപുത്രൻ ഇ.പി. ശ്യാംജിത്തിനും വാർത്ത സംപ്രേഷണം ചെയ്ത സ്വകാര്യ ചാനലിനുമെതിരെ അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചു. അൻപത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പുപറയണമെന്നുമാണ് വക്കീൽ നോട്ടീസിലെ പ്രധാന ആവശ്യം.
സി.എം.ആർ.എൽ മുൻ എം.ഡി ശശിധരൻ കർത്ത നൽകിയ പണമാണ് ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര വൈദേകം റിസോർട്ടിൽ നിക്ഷേപിച്ചതെന്നായിരുന്നു ശ്യാംജിത്തിന്റെ ആരോപണം. സഹകരണ ബാങ്ക് ജീവനക്കാരിയായി വിരമിച്ച ഒരാൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളാണോ റിസോർട്ടിലെ വലിയ നിക്ഷേപത്തിന് പിന്നിലെന്നും അദ്ദേഹം ചോദ്യമുയർത്തിയിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ വൈദേകം മാനേജ്മെന്റ്, സാമ്പത്തിക ക്രമക്കേട് നടത്തിയതിന് ശ്യാംജിത്തിന്റെ ഭാര്യ ദീപയെ റിസോർട്ടിൽ നിന്ന് മുൻപ് പുറത്താക്കിയിരുന്നതായും ഇവർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. ഈ നടപടിയിലുള്ള പ്രതികാരമാണ് വ്യാജ ആരോപണങ്ങൾക്ക് പിന്നിലെന്നാണ് വൈദേകം അധികൃതരുടെ വിശദീകരണം.



