കേരളത്തിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്ക് ഇന്ന് തന്നെ തുടക്കമിടുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. അർപ്പണബോധമുള്ള മികച്ചൊരു ടീമായിരിക്കും പുതിയ മന്ത്രിസഭയിലുണ്ടാകുകയെന്നും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും ഈ ടീമിന്റെ ഭാഗമാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് ആശ്വാസം നൽകാൻ സംസ്ഥാന സർക്കാർ ഇടപെടും. ജനങ്ങളുടെ മേലുള്ള സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനായി ഇന്ധന സെസ് പിൻവലിക്കുന്നത് പുതിയ സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും, മുൻപ് 2011-ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും ഇത്തരത്തിൽ സെസ് പിൻവലിച്ച് മാതൃക കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യുഡിഎഫ് ഘടകകക്ഷിയായ മുസ്ലീം ലീഗിനെ ലക്ഷ്യമിട്ട് നടക്കുന്ന ആസൂത്രിത വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ശക്തമായ ഭാഷയിലാണ് നിയുക്ത മുഖ്യമന്ത്രി പ്രതികരിച്ചത്. സമൂഹത്തിൽ വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന ശൈലിയോട് വിട്ടുവീഴ്ചയില്ലെന്നും കേരളത്തെ ഭിന്നിപ്പിക്കാൻ ആരെയും സമ്മതിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സമുദായ നേതാക്കൾ ഇത്തരം പ്രസ്താവനകളിൽ നിന്ന് പിന്തിരിയണമെന്നും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചാലും ചാപ്പയടി രാഷ്ട്രീയത്തോട് പൊരുത്തപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് പോലും ഇത്തരം നിലപാടുകളോട് കോംപ്രമൈസ് ചെയ്തിട്ടില്ലാത്തതിനാൽ ഇനിയുള്ള ഭരണകാലത്തും വിദ്വേഷ പ്രചാരണങ്ങൾക്ക് കടുത്ത നിയന്ത്രണമുണ്ടാകുമെന്ന കർശന സൂചനയാണ് വി.ഡി. സതീശൻ നൽകുന്നത്.



