ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (SIT) വീണ്ടും ചോദ്യം ചെയ്തു. പ്രശാന്തിനൊപ്പം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അജി കുമാറിനെയും അന്വേഷണ സംഘം വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 2025-ലെ ഇടപാടുകളുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ തേടാനാണ് ഇരുവരെയും ചോദ്യം ചെയ്തത്. മുൻപ് രണ്ട് തവണ പ്രശാന്തിനെ ചോദ്യം ചെയ്തിരുന്നെങ്കിലും, 2025-ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണ പാളികൾ കൈമാറാൻ നടന്ന നീക്കങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താനാണ് നിലവിലെ നീക്കം. കേസിന്റെ അന്വേഷണം മന്ദഗതിയിലാണെന്ന ആക്ഷേപങ്ങൾക്കിടെ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനാണ് എസ്ഐടിയുടെ ശ്രമം.
കഴിഞ്ഞ ആറ് മാസമായിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അഞ്ച് പേരുടെ കൂടി അറസ്റ്റ് ഉടനുണ്ടാകുമെന്ന് മുൻപ് ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും തുടർനടപടികൾ വൈകുകയായിരുന്നു. ജംഷഡ്പൂരിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നായിരുന്നു എസ്ഐടി നൽകിയ വിശദീകരണം. എന്നാൽ പ്രതികൾക്കെതിരായ പ്രോസിക്യൂഷൻ അനുമതി തേടുന്നതിനുള്ള അപേക്ഷകൾ പോലും ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നത് തിരിച്ചടിയാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പുതിയ സർക്കാർ അധികാരമേറ്റാൽ മാത്രമേ പ്രോസിക്യൂഷൻ അനുമതി ലഭിക്കാനിടയുള്ളൂ എന്നതിനാൽ കുറ്റപത്രം സമർപ്പിക്കുന്നത് ഇനിയും നീളാൻ സാധ്യതയുണ്ട്.



