India Mirror News

ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ; 31 കപ്പലുകൾ തടഞ്ഞ് അമേരിക്ക

ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ; 31 കപ്പലുകൾ തടഞ്ഞ് അമേരിക്ക

അമേരിക്കയും ഇസ്രയേലും നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങൾ തുടരുന്ന സാഹചര്യത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫ് വ്യക്തമാക്കി. അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം ആഗോള സമ്പദ്‌വ്യവസ്ഥയെ ബന്ദിയാക്കിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉപരോധം പിൻവലിച്ചാൽ മാത്രമേ ചർച്ചകൾക്ക് സാധ്യതയുള്ളൂ എന്നാണ് ഇറാന്റെ നിലപാട്. എന്നാൽ, ഇറാനെതിരായ നാവിക ഉപരോധത്തിന്റെ ഭാഗമായി ഇതുവരെ 31 കപ്പലുകളെ തടഞ്ഞതായി അമേരിക്കൻ സൈന്യം അറിയിച്ചു. ഇതിൽ ഭൂരിഭാഗവും എണ്ണ ടാങ്കറുകളാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് വെളിപ്പെടുത്തി. തടഞ്ഞുവെച്ച കപ്പലുകളുടെ എണ്ണം വർധിക്കുന്നത് രാജ്യാന്തര വിപണിയിൽ വീണ്ടും ആശങ്ക പരത്തുന്നുണ്ട്.

അതേസമയം, അമേരിക്കയ്ക്കുള്ളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുദ്ധനയങ്ങൾക്ക് സെനറ്റിന്റെ അംഗീകാരം ലഭിച്ചത് പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കി. സൈനിക സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റുകൾ കൊണ്ടുവന്ന പ്രമേയം 46-നെതിരെ 55 വോട്ടുകൾക്ക് സെനറ്റ് തള്ളി. റിപ്പബ്ലിക്കൻ സെനറ്ററായ റാൻഡ് പോൾ പ്രമേയത്തെ പിന്തുണച്ചെങ്കിലും മറ്റ് റിപ്പബ്ലിക്കൻ അംഗങ്ങൾ ഒറ്റക്കെട്ടായി പ്രമേയത്തെ എതിർക്കുകയായിരുന്നു. യുദ്ധനയങ്ങൾക്കെതിരെയുള്ള പ്രമേയം സെനറ്റിൽ തള്ളപ്പെടുന്നത് ഇത് അഞ്ചാം തവണയാണ്. ഇതോടെ പശ്ചിമേഷ്യയിൽ സൈനിക നീക്കങ്ങളുമായി മുന്നോട്ടുപോകാൻ ട്രംപിന് രാഷ്ട്രീയമായ കരുത്ത് ലഭിച്ചിരിക്കുകയാണ്.

ട്രംപിന്റെ വാഗ്ദാന ലംഘനങ്ങളും ഭീഷണികളുമാണ് ചർച്ചകൾക്ക് പ്രധാന തടസ്സമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പ്രതികരിച്ചു. ട്രംപിന്റെ കപടവാക്കുകളും പ്രവൃത്തികളും തമ്മിലുള്ള വൈരുദ്ധ്യം ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം എക്‌സിലൂടെ പരിഹസിച്ചു. ചർച്ചകൾക്കും ധാരണകൾക്കും ഇറാൻ ഇപ്പോഴും തയ്യാറാണെങ്കിലും അമേരിക്കയുടെ ഏകപക്ഷീയമായ നടപടികൾ സാഹചര്യങ്ങൾ വഷളാക്കുകയാണെന്നാണ് ഇറാന്റെ പക്ഷം. നാവിക ഉപരോധം തുടരുന്നത് എണ്ണ വിതരണ ശൃംഖലയെ ബാധിക്കുമെന്നിരിക്കെ, വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും സ്വീകരിക്കുന്ന നിലപാടുകൾ ആഗോള വിപണിയിൽ നിർണ്ണായകമാകും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *