ഇന്ത്യയും ഒമാനും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കിക്കൊണ്ട് രണ്ടാമത് ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സഹകരണ ഉച്ചകോടി മസ്കറ്റിൽ സമാപിച്ചു. ഒമാനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ഉച്ചകോടിയിൽ ഒമാൻ പ്രതിരോധ, വാണിജ്യ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ഇരു രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ വ്യവസായ പ്രതിനിധികളും പങ്കെടുത്തു. ഒമാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ -സൈനിക വ്യവസായ വിഭാഗം ഡയറക്ടർ ജനറൽ എഞ്ചിനീയർ സെയ്ദ് സൈഫ് സൗദ് അൽ ഷബിബിയുടെ നേതൃത്വത്തിലുള്ള സംഘവും, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ 16 ഇന്ത്യൻ പ്രതിരോധ കമ്പനികളിൽ നിന്നുള്ള 24 പ്രതിനിധികളും ഉച്ചകോടിയിൽ സംബന്ധിച്ചു. സമുദ്ര സുരക്ഷ, നേവൽ സിസ്റ്റങ്ങൾ, ആളില്ലാ വാഹനങ്ങൾ, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളാണ് ഇന്ത്യൻ സംഘം അവിടെ പ്രദർശിപ്പിച്ചത്.
ചടങ്ങിൽ 125-ൽ അധികം പ്രതിനിധികളെ അഭിസംബോധന ചെയ്ത ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ, ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭമാണ് പ്രതിരോധ സഹകരണമെന്ന് വ്യക്തമാക്കി. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി പ്രതിരോധ രംഗത്തെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഉച്ചകോടിയുടെ ഭാഗമായി ‘ഇന്ത്യൻ പ്രതിരോധ വ്യവസായം – ആഗോളതലത്തിലേക്ക്’ എന്ന പുസ്തകത്തിന്റെ അറബിക് പതിപ്പ് പ്രകാശനം ചെയ്യുകയും, ഒമാനിലെ ‘എം.എസ്.എ ഗ്ലോബൽ’, ഇന്ത്യയുടെ ‘ഐ.ജി ഡിഫൻസ്’ എന്നീ കമ്പനികൾ ഡ്രോൺ സാങ്കേതിക വിദ്യകളിലും പ്രതിരോധ സംവിധാനങ്ങളിലും സഹകരിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവിയിലെ സംയുക്ത നിർമ്മാണത്തിനും സാങ്കേതികവിദ്യ കൈമാറ്റത്തിനും ഈ ഉച്ചകോടി വലിയ വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



