ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ആരോഗ്യനിലയെക്കുറിച്ചും ഇറാന്റെ ആഭ്യന്തര രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. ആക്രമണത്തിൽ മുജ്തബ ഖമനയിയുടെ മുഖത്തിന് ഗുരുതരമായി പൊള്ളലേറ്റെന്നും ചുണ്ടുകൾക്ക് സംഭവിച്ച ക്ഷതം കാരണം സംസാരിക്കാൻ ബുദ്ധിമുട്ടുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്ലാസ്റ്റിക് സർജറി ആവശ്യമായി വന്നേക്കാവുന്ന അവസ്ഥയിലാണ് അദ്ദേഹം. കാലിന് മൂന്ന് തവണയും കൈയ്ക്ക് ഒരു തവണയും ശസ്ത്രക്രിയകൾ നടത്തിക്കഴിഞ്ഞു. ചലനശേഷി വീണ്ടെടുക്കാൻ ശ്രമിക്കുന്ന അദ്ദേഹം കൃത്രിമ കാൽ വയ്ക്കാനുള്ള കാത്തിരിപ്പിലാണെന്നും, താൻ ദുർബലനാണെന്ന് ലോകം അറിയാതിരിക്കാനാണ് പൊതുവേദികളിൽ നിന്ന് മാറിനിൽക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിൽ അതീവ രഹസ്യകേന്ദ്രത്തിൽ കഴിയുന്ന അദ്ദേഹത്തിന് സീൽ ചെയ്ത കവറുകളിലാക്കിയ കൈയെഴുത്ത് കുറിപ്പുകൾ വഴിയാണ് സന്ദേശങ്ങൾ എത്തിക്കുന്നത്. ഇസ്രയേൽ ആക്രമണ ഭീഷണിയുള്ളതിനാൽ മുതിർന്ന നേതാക്കൾ പോലും അദ്ദേഹത്തെ നേരിൽ കാണുന്നില്ല.
ഭരണപരമായ കാര്യങ്ങളിൽ മുജ്തബ ഖമനയിക്ക് പൂർണ്ണ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും ഇറാനിൽ ഇപ്പോൾ സൈനിക നേതൃത്വമാണ് നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നതെന്നും ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തുന്നു. ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കമാൻഡർമാരാണ് നയതന്ത്ര-ദേശീയ സുരക്ഷാ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. അമേരിക്കയുമായുള്ള രണ്ടാം ഘട്ട ചർച്ചകൾ നടക്കാതെ പോയത് സൈനിക നേതൃത്വത്തിന്റെ എതിർപ്പ് മൂലമാണ്. പ്രസിഡന്റ് മസൂദ് പെസഷ്കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും നിലവിൽ ആഭ്യന്തര കാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇറാൻ യുദ്ധത്തിൽ വലിയ തോതിൽ ആയുധങ്ങൾ ചിലവഴിച്ചതോടെ അമേരിക്കയുടെ ആയുധശേഖരത്തിൽ വൻ കുറവുണ്ടായതായി പെന്റഗൺ വിലയിരുത്തിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ചൈനയുമായോ റഷ്യയുമായോ ഭാവിയിൽ സംഘർഷമുണ്ടായാൽ ഉപയോഗിക്കാൻ കരുതിയിരുന്ന അത്യാധുനിക മിസൈലുകളാണ് ഇതിനോടകം തീർന്നുപോയിരിക്കുന്നത്.
അതേസമയം, യുദ്ധത്തിനായി ഉപയോഗിച്ച മിസൈലുകളുടെ കണക്കുകൾ ലോകശക്തികളെ ഞെട്ടിക്കുന്നതാണ്. 1100 JASSM-ER ക്രൂസ് മിസൈലുകൾ ഇതിനോടകം ഉപയോഗിച്ചു കഴിഞ്ഞു, ഇനി വെറും 1500 എണ്ണം മാത്രമാണ് അമേരിക്കയുടെ പക്കൽ ബാക്കിയുള്ളത്. ആയിരത്തിലധികം ടോമഹോക്ക് മിസൈലുകളും 1200 പാട്രിയട്ട് മിസൈലുകളും യുദ്ധത്തിൽ ചിലവഴിക്കപ്പെട്ടു. ഒരു ടോമഹോക്ക് മിസൈലിന് 30.13 കോടി രൂപയും പാട്രിയട്ട് മിസൈലിന് 33 കോടി രൂപയുമാണ് നിർമ്മാണച്ചെലവ്. പ്രതിവർഷം ഉൽപ്പാദിപ്പിക്കുന്ന മിസൈലുകളുടെ പത്തിരട്ടിയോളമാണ് ചുരുങ്ങിയ കാലയളവിൽ യുദ്ധത്തിനായി ഉപയോഗിക്കപ്പെട്ടത്. ഇത് ആഗോള പ്രതിരോധ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.



