India Mirror News

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ 11 ദിവസം നീണ്ടുനിന്ന നാടകീയ നീക്കങ്ങൾക്കും ഉദ്വേഗങ്ങൾക്കും വിരാമമിട്ട് സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും നടത്തിയ നിർണ്ണായക ചർച്ചകൾക്കൊടുവിലാണ് പടനയിച്ച വി.ഡി. സതീശൻ തന്നെ നാടിനെ നയിക്കട്ടെ എന്ന അന്തിമ തീരുമാനത്തിൽ എഐസിസി എത്തിയത്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരാണ് തിരുവനന്തപുരത്ത് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അവസാന നിമിഷം വരെ കെ.സി. വേണുഗോപാലിന്റെ പേര് സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും മുതിർന്ന നേതാക്കളുടെ നിലപാടും കേരളത്തിലെ ശക്തമായ പൊതുവികാരവും കണക്കിലെടുത്ത് ഹൈക്കമാൻഡ് സതീശന് നറുക്കിടുകയായിരുന്നു.

രാഹുൽ ഗാന്ധിയുടെ വസതിയിൽ കെ.സി. വേണുഗോപാലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കേരളത്തിലെ നേതൃമാറ്റത്തിന് വഴിതെളിഞ്ഞത്. എംഎൽഎമാരുടെ ഭൂരിപക്ഷ അഭിപ്രായവും മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ ഉറച്ച പിന്തുണയും വി.ഡി. സതീശന് തുണയായി. സാധാരണക്കാരായ പ്രവർത്തകർക്കിടയിലും പ്രവാസി മലയാളി സമൂഹത്തിലും സതീശനായി ഉയർന്ന ശക്തമായ മുറവിളികൾ ഡൽഹിയിലെ തീരുമാനത്തെ സ്വാധീനിച്ച പ്രധാന ഘടകങ്ങളിലൊന്നായി. ഹൈക്കമാൻഡ് അയച്ച നിരീക്ഷകരുടെ റിപ്പോർട്ടും മുതിർന്ന നേതാക്കളുടെ നിലപാടുകളും പരിശോധിച്ച ശേഷമാണ് ജനവികാരം മാനിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായതെന്ന് എഐസിസി അറിയിച്ചു. ഇതോടെ ഫ്ലക്സ് പോരാട്ടങ്ങൾക്കും ഗ്രൂപ്പ് തർക്കങ്ങൾക്കും അറുതിവരുത്തിക്കൊണ്ട് കേരളം പുതിയ ഭരണനേതൃത്വത്തിലേക്ക് ചുവടുവെക്കുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *