India Mirror News

തമിഴ്‌നാട്ടിൽ അട്ടിമറി നീക്കം; വിജയ്‌ക്ക് എഐഎഡിഎംകെയുടെയും കോൺഗ്രസിന്റെയും പിന്തുണ

തമിഴ്‌നാട്ടിൽ അട്ടിമറി നീക്കം; വിജയ്‌ക്ക് എഐഎഡിഎംകെയുടെയും കോൺഗ്രസിന്റെയും പിന്തുണ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയമായ വഴിത്തിരിവുകൾ സൃഷ്ടിച്ചുകൊണ്ട് വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) എഐഎഡിഎംകെയിലെ ഒരു വിഭാഗം എംഎൽഎമാരുടെ പിന്തുണ. മുൻമന്ത്രി സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള 40 എംഎൽഎമാരാണ് വിജയ്‌യെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. ഈ അപ്രതീക്ഷിത നീക്കത്തിന് പിന്നാലെ, സ്ഥിതിഗതികൾ വിലയിരുത്താൻ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമി ഇന്ന് രാവിലെ പത്തു മണിക്ക് പാർട്ടി ആസ്ഥാനത്ത് നിയുക്ത എംഎൽഎമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. എഐഎഡിഎംകെയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ കൂടി ലഭിക്കുന്നതോടെ ടിവികെയുടെ അംഗബലം 155 ആയി ഉയരും. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ മാത്രം മതിയെന്നിരിക്കെ വിജയ്‌ക്ക് ഇത് വലിയ കരുത്താകും. മുതിർന്ന നേതാവ് കെ.എ. സെങ്കോട്ടയ്യന്റെ നേതൃത്വത്തിൽ എഐഎഡിഎംകെയിൽ നിന്ന് കൂടുതൽ പേരെ അടർത്തിയെടുക്കാനുള്ള ശ്രമങ്ങൾ ടിവികെ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന എഐഎഡിഎംകെ യോഗത്തിൽ ടിവികെ വിഷയം ചർച്ചയായില്ലെന്ന് നേതാക്കൾ പറഞ്ഞിരുന്നെങ്കിലും പിന്നാലെ വന്ന ഈ നീക്കം പാർട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്.

അതേസമയം, വിജയ്‌യുടെ പാർട്ടിക്ക് പിന്തുണ നൽകാൻ തമിഴ്‌നാട് കോൺഗ്രസ് ഘടകവും തീരുമാനമെടുത്തിട്ടുണ്ട്. ഇന്നലെ ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണ് ടിവികെയെ പിന്തുണയ്ക്കാനുള്ള ധാരണയായത്. ഇതിന് പകരമായി രണ്ട് മന്ത്രിസ്ഥാനങ്ങളും കോർപ്പറേഷൻ ചെയർമാൻ പദവിയും കോൺഗ്രസ് ആവശ്യപ്പെട്ടേക്കും. അഞ്ച് സീറ്റുകളാണ് കോൺഗ്രസിന് നിലവിലുള്ളത്. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചാലും കേവല ഭൂരിപക്ഷത്തിന് അഞ്ച് സീറ്റുകൾ കൂടി അധികമായി വേണ്ട സാഹചര്യത്തിലാണ് എഐഎഡിഎംകെയിലെ പിളർപ്പ് വിജയ്‌ക്ക് തുണയാകുന്നത്. ഡിഎംകെ സഖ്യത്തിൽ മത്സരിച്ച സിപിഐഎം, സിപിഐ, മുസ്ലിം ലീഗ്, വിസികെ തുടങ്ങിയ കക്ഷികൾക്ക് രണ്ടു സീറ്റുകൾ വീതം ലഭിച്ചിട്ടുണ്ടെങ്കിലും ഇവരുടെ നിലപാട് ഇതുവരെ വ്യക്തമായിട്ടില്ല. നിലവിലെ സാഹചര്യത്തിൽ എഐഎഡിഎംകെയിലെ ഒരു വിഭാഗത്തിന്റെയും കോൺഗ്രസിന്റെയും പിന്തുണയോടെ തമിഴ്‌നാട്ടിൽ വിജയ് ഭരണമുറപ്പിക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *