നിയമപോരാട്ടങ്ങൾക്കൊടുവിൽ പ്രദർശനാനുമതി നേടിയ ‘ദി കേരള സ്റ്റോറി 2’ വിന് കേരളത്തിലെ തിയറ്ററുകളിൽ തണുപ്പൻ പ്രതികരണം. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റിലീസിനുള്ള സ്റ്റേ നീക്കിയെങ്കിലും ആദ്യദിനമായ ഇന്ന് സംസ്ഥാനത്തെ പ്രമുഖ തിയറ്ററുകളിലൊന്നും കാര്യമായ കാണികളില്ലാത്ത അവസ്ഥയാണ്.
കോഴിക്കോട് റീഗൽ തിയറ്ററിൽ വെറും രണ്ടുപേർ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തത് എന്നതിനെത്തുടർന്ന് ഷോ തന്നെ റദ്ദാക്കേണ്ടി വന്നു. കൊച്ചിയിലെ പാൻ സിനിമസിൽ ആറ് പേരും പിവിആറിൽ രണ്ടുപേരും മാത്രമാണ് ബുക്കിംഗിന് എത്തിയത്. നഗരത്തിലെ പ്രധാന തിയറ്ററായ ഷേണായിലും സമാനമായ രീതിയിൽ കാണികൾ കുറവായിരുന്നു. വരും മണിക്കൂറുകളിൽ സംസ്ഥാനത്തിന് പുറത്തുള്ള പ്രതികരണം എപ്രകാരമായിരിക്കുമെന്ന് ചലച്ചിത്ര ലോകം ഉറ്റുനോക്കുകയാണ്.
ചിത്രം മതസൗഹാർദ്ദത്തിന് ഭീഷണിയാണെന്ന സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം റിലീസിന് പച്ചക്കൊടി കാട്ടിയത്. നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിൽ യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടിരുന്നു.
കേരളത്തെ ആഗോളതലത്തിൽ മോശമായി ചിത്രീകരിക്കാനുള്ള ഗൂഢനീക്കമാണ് സിനിമയ്ക്ക് പിന്നിലെന്ന് ആരോപിച്ച് ശ്രീദേവ് നമ്പൂതിരി, ഫ്രഡി ഫ്രാൻസിസ് തുടങ്ങിയവർ കോടതിയെ സമീപിച്ചതോടെയാണ് സിനിമയുടെ പ്രദർശനം അനിശ്ചിതത്വത്തിലായത്. ക്രമസമാധാന പ്രശ്നങ്ങൾക്ക് സിനിമ കാരണമാകുമെന്ന ഹർജിക്കാരുടെ വാദം നിലനിൽക്കെയാണ് ഇപ്പോൾ തിയറ്ററുകളിൽ ജനപങ്കാളിത്തം കുറഞ്ഞത് ശ്രദ്ധേയമാകുന്നത്.



