സംസ്ഥാന സർക്കാരിന്റെ നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ മൂല്യനിർണ്ണയം നടത്തുന്നതിൽ എന്താണ് തെറ്റെന്ന് ആരാഞ്ഞുകൊണ്ടാണ് സുപ്രീംകോടതി സർവേക്ക് പച്ചക്കൊടി കാട്ടിയത്.
കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ വാദങ്ങൾ പരിഗണിച്ച കോടതി, ഹൈക്കോടതിയുടെ ഇടപെടൽ പുനഃപരിശോധിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും അംഗീകരിച്ചു.

സർവേ ഒരു രാഷ്ട്രീയ പ്രചാരണമാണെന്നും ഇതിനായി പൊതുഗജനാവിലെ പണം ദുരുപയോഗം ചെയ്യുന്നുവെന്നും ചൂണ്ടിക്കാട്ടി കെ.എസ്.യു നേതാക്കളായ അലോഷ്യസ് സേവ്യർ, മുബാസ് എന്നിവർ നൽകിയ ഹർജിയിലാണ് നേരത്തെ ഹൈക്കോടതി പദ്ധതി തടഞ്ഞത്.
നവകേരള സർവേ വെറുമൊരു പി.ആർ ക്യാമ്പയിൻ മാത്രമാണെന്നും ഇതിന് ബജറ്റ് വിഹിതമോ ധനകാര്യ അനുമതിയോ ഇല്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
സർക്കാരിന്റെ ഔദ്യോഗിക ഉത്തരവ് വരുന്നതിന് മുൻപ് തന്നെ സിപിഐഎം പാർട്ടി സെക്രട്ടറി കേഡർമാർക്ക് കത്തയച്ചത് ദുരൂഹമാണെന്നും, പാർട്ടി പ്രവർത്തകരെ പോർട്ടലിൽ നിറയ്ക്കാനുള്ള സംഘടിത ശ്രമമാണ് നടക്കുന്നതെന്നും ഹൈക്കോടതി മുൻപ് വിമർശിച്ചിരുന്നു. 20 കോടി രൂപ വകയിരുത്തിയ ഈ പദ്ധതി രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുള്ളതാണെന്ന ഹൈക്കോടതി കണ്ടെത്തലിനാണ് ഇപ്പോൾ സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടിരിക്കുന്നത്. ഇതോടെ തടസ്സങ്ങൾ നീങ്ങിയ സർവേയുമായി സർക്കാരിന് മുന്നോട്ട് പോകാനാകും.



