India Mirror News

സംസ്ഥാനത്ത് മഴ കുറയുന്നു, പകൽ ചൂട് കൂടും; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് മഴ കുറയുന്നു, പകൽ ചൂട് കൂടും; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് മുതൽ മഴയുടെ തീവ്രത കുറയുമെന്നും വരും ദിവസങ്ങളിൽ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ദിവസത്തേക്ക് ജില്ലകളിൽ പ്രത്യേക മുന്നറിയിപ്പുകൾ ഒന്നുമില്ലെങ്കിലും അന്തരീക്ഷം വരണ്ടതാകുന്നതോടെ പകൽ ചൂട് ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുണ്ട്.

താപനില 34°C മുതൽ 37°C വരെ ഉയരാൻ സാധ്യതയുള്ളതിനാൽ സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. അതേസമയം, വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ തെക്കൻ ജില്ലകളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെങ്കിലും ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ചൂട് കൂടുന്ന സാഹചര്യത്തിൽ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കാനും നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കാനും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും കാരണമായേക്കാമെന്നതിനാൽ പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ഇരുചക്ര വാഹന യാത്രക്കാർ എന്നിവർ കുടയോ തൊപ്പിയോ ഉപയോഗിക്കണമെന്നും ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *