സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
വരുന്ന ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 25 വരെയും കർണാടക തീരത്ത് നാളെ മുതൽ ഞായറാഴ്ച വരെയുമാണ് വിലക്ക്. കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിലും കന്യാകുമാരി തീരത്തും ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.



