സംസ്ഥാനത്ത് തുലാവർഷം ആരംഭിച്ചതോടെ മഴ ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മഴയോടൊപ്പം ശക്തമായ കാറ്റിനും അതിശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാവിലെ ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ടായിരുന്നു. പുലർച്ചെ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
തെക്കുപടിഞ്ഞാറൻ മൺസൂൺ രാജ്യത്തുനിന്ന് പൂർണ്ണമായി പിൻവാങ്ങുന്നതോടെ, ഒക്ടോബർ പകുതിയോടെ വടക്കുകിഴക്കൻ മൺസൂൺ കാറ്റിലൂടെ കേരളത്തിൽ ലഭിക്കുന്ന രണ്ടാമത്തെ പ്രധാന മഴക്കാലമാണ് തുലാവർഷം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങളും അന്തരീക്ഷത്തിലുണ്ടാകുന്ന കാറ്റിന്റെ ഗതിവ്യതിയാനങ്ങളുമാണ് തുലാമഴയ്ക്ക് കാരണമാകുന്നത്. കനത്ത ഇടിമിന്നലും പെട്ടെന്നുണ്ടാകുന്ന ശക്തമായ കാറ്റുമാണ് തുലാവർഷത്തിന്റെ പ്രധാന സവിശേഷത.



