ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ യുഎഇ വ്യോമ പ്രതിരോധ സേന ശക്തമായി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ ശത്രു മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തകർക്കുന്നതിന്റെ ഭാഗമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഫോണിൽ വിളിച്ച് നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു.

യുഎഇയെയും അയൽരാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ ചർച്ചാവിഷയമായി. അതേസമയം, സൗദിയിൽ നടന്ന ഇറാന്റെ ആക്രമണത്തിൽ ഒരു അമേരിക്കൻ സൈനികൻ കൂടി കൊല്ലപ്പെട്ടതോടെ മേഖലയിൽ മരിച്ച യുഎസ് സൈനികരുടെ എണ്ണം ഏഴായി ഉയർന്നു.
സൗദി അറേബ്യക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ മരിച്ചുവെന്ന വാർത്തകൾ റിയാദിലെ ഇന്ത്യൻ എംബസി നിഷേധിച്ചു. അൽ ഖർജിൽ ഉണ്ടായ പ്രൊജക്റ്റൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരന് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം നിലവിൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും എംബസി അറിയിച്ചു
പരിക്കേറ്റ ഇന്ത്യൻ പൗരനെ എംബസി ഉദ്യോഗസ്ഥൻ സന്ദർശിച്ച് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനും ബംഗ്ലാദേശി പൗരനും കൊല്ലപ്പെട്ടതായി സൗദി സിവിൽ ഡിഫൻസ് ഏജൻസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും, ഇന്ത്യൻ പൗരന്റെ മരണം എംബസി ഔദ്യോഗികമായി തള്ളിയത് പ്രവാസികൾക്ക് വലിയ ആശ്വാസമായി. പശ്ചിമേഷ്യയിലെ ഈ സംഘർഷാവസ്ഥയിൽ കൂടുതൽ വ്യക്തതയ്ക്കായി സൗദി അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും എംബസി പ്രസ്താവനയിൽ വ്യക്തമാക്കി.



