യുദ്ധം അവസാനിപ്പിക്കാനായി ഇറാനിയൻ നേതാക്കൾ തന്നെ ബന്ധപ്പെടുന്നുണ്ടെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. എന്നാൽ ചർച്ചകൾക്ക് ഇറാൻ അൽപ്പം വൈകിപ്പോയെന്നും നിലവിൽ യുദ്ധം തുടരാനാണ് അമേരിക്ക താൽപ്പര്യപ്പെടുന്നതെന്നും ട്രംപ് വ്യക്തമാക്കി.
രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി പുനർനിർമ്മിക്കാനും മികച്ചൊരു പുതിയ ഇറാനെ സൃഷ്ടിക്കാനും ഇറാനിയൻ നയതന്ത്രജ്ഞരുടെ സഹായം തേടിയ ട്രംപ്, കൊല്ലപ്പെട്ട ഖമേനിയുടെ മകൻ മോജ്തബ ഖമേനി പരമോന്നത നേതാവാകുന്നതിനോട് തനിക്ക് താൽപ്പര്യമില്ലെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെറും മൂന്ന് ദിവസത്തിനുള്ളിൽ ഇറാന്റെ 24 കപ്പലുകൾ നശിപ്പിച്ചതായും വ്യോമ-നാവിക പ്രതിരോധ സംവിധാനങ്ങൾ തകർത്തതായും അവകാശപ്പെട്ട അദ്ദേഹം, നിശ്ചയിച്ചതിലും വേഗത്തിൽ ലക്ഷ്യങ്ങൾ കൈവരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

അതേസമയം, ചർച്ചകൾ നടത്തുന്നുണ്ടെന്ന ട്രംപിന്റെ വാദം ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പൂർണ്ണമായും തള്ളി. അമേരിക്കയുമായി വെടിനിർത്തലിനോ ചർച്ചയ്ക്കോ ഉദ്ദേശ്യമില്ലെന്നും, അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ അത് അവർക്കൊരു ദുരനുഭവമായി മാറുമെന്നും അരഗ്ചി മുന്നറിയിപ്പ് നൽകി.
ഇറാനെതിരായ സൈനിക നടപടികളിൽ ട്രംപിനുള്ള അധികാരം പരിമിതപ്പെടുത്താൻ ഡെമോക്രാറ്റുകൾ യുഎസ് ജനപ്രതിനിധി സഭയിൽ കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടത് ട്രംപിന് രാഷ്ട്രീയ വിജയമായി.
212-നെതിരെ 219 വോട്ടുകൾക്കാണ് പ്രമേയം തള്ളപ്പെട്ടത്. നിലവിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,230 ആയി ഉയർന്നിട്ടുണ്ട്. സംഘർഷം അയൽരാജ്യങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയായി ബഹ്റൈനിലും സൗദി അറേബ്യയിലും ഇറാന്റെ മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസിന് നേരെ വന്ന മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ ആകാശത്തുവെച്ച് തകർക്കാൻ സൗദി സൈന്യത്തിന് സാധിച്ചു. ഇതിനിടെ, ആക്രമണ ഭീഷണി നേരിട്ട രണ്ടാമത്തെ ഇറാനിയൻ കപ്പലിനെ ശ്രീലങ്കൻ നാവികസേന സുരക്ഷിതമായി ഏറ്റെടുത്തു. മേഖലയിലെ സമാധാനം വീണ്ടെടുക്കാൻ യൂറോപ്യൻ യൂണിയനും ജിസിസി രാജ്യങ്ങളും ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് യുഎഇ ആഹ്വാനം ചെയ്തു.



