മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ. യദുകൃഷ്ണൻ രംഗത്തെത്തി. ഗണേഷ് കുമാറിന്റെ കുടുംബവീട്ടിൽ വെച്ച് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അദ്ദേഹത്തിന്റെ ഭാര്യയെ മർദിച്ചുവെന്നതടക്കമുള്ള വിവരങ്ങളാണ് യദുകൃഷ്ണൻ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
മന്ത്രിയുടെ വീട്ടിൽ നടന്ന അവിഹിത ബന്ധം ഭാര്യ നേരിട്ട് പിടികൂടിയെന്നും അതിന്റെ തെളിവുകൾ മൊബൈലിൽ ശേഖരിച്ചതോടെ മന്ത്രിയുടെ നിർദ്ദേശപ്രകാരം സ്റ്റാഫ് അവരെ മർദിച്ചെന്നുമാണ് ഫെയ്‌സ്‌ബുക്ക് പോസ്റ്റിലെ പ്രധാന ആരോപണം. മർദനത്തെത്തുടർന്ന് പരിക്കേറ്റ മന്ത്രിയുടെ ഭാര്യ പോലീസിന്റെ ടോൾ ഫ്രീ നമ്പറായ 112-ലേക്ക് വിളിച്ച് സഹായം തേടുകയും പോലീസ് സ്ഥലത്തെത്തുകയും ചെയ്തിരുന്നു.

എന്നാൽ അവിടെയെത്തിയ പോലീസിന് വ്യക്തമായ വീഡിയോ തെളിവുകൾ ലഭിച്ചിട്ടും മന്ത്രിക്ക് എതിരെ നടപടിയെടുക്കാൻ അവർ തയ്യാറായില്ലെന്ന് യദുകൃഷ്ണൻ ആരോപിക്കുന്നു.
ഒരു സ്ക്രീൻഷോട്ടിന്റെ പേരിൽ എംഎൽഎക്കെതിരെ കേസെടുത്ത പോലീസും അത് വലിയ വാർത്തയാക്കിയ മാധ്യമങ്ങളും ഈ സംഭവത്തിൽ പുലർത്തുന്ന മൗനത്തെ അദ്ദേഹം ചോദ്യം ചെയ്തു. 112-ൽ നൽകിയ പരാതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ആരും തിരക്കുന്നില്ലെന്നും ഇതെന്ത് നീതിയാണെന്നും അദ്ദേഹം ചോദിക്കുന്നു. താൻ ഉന്നയിച്ച കാര്യങ്ങൾ തെറ്റാണെങ്കിൽ തനിക്കെതിരെ കേസെടുക്കാൻ മന്ത്രിയെ വെല്ലുവിളിക്കുന്നതായും, ഇക്കാര്യങ്ങൾ തുറന്നു പറയുന്നതിൽ ഒട്ടും ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ ഭാര്യയ്ക്ക് പരിക്കേറ്റിട്ടും നിയമനടപടി സ്വീകരിക്കാതെ പരാതി മുക്കി എന്നാണ് യദുകൃഷ്ണൻ തന്റെ പോസ്റ്റിലൂടെ ആവർത്തിക്കുന്നത്.



