ദുബായ് എഐ ക്യാമ്പസിലേക്ക് ആയിരത്തിലധികം സ്ഥാപനങ്ങളെ ആകര്‍ഷിക്കുന്നതിനും അയ്യായിരത്തിലേറെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള വിപുലമായ പദ്ധതികൾക്ക് ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാൻ അംഗീകാരം നൽകി. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ‘വേർ ഇന്റലിജൻസ് മീറ്റ്സ് ഓപ്പർച്യൂണിറ്റി’ എന്ന പ്രമേയത്തിൽ നടക്കുന്ന മൂന്നാമത് ദുബായ് എഐ ഫെസ്റ്റിവലിലാണ് നിർണായക പ്രഖ്യാപനം ഉണ്ടായത്. ദുബായ് ഇന്റർനാഷണൽ ഫിനാഷ്യൽ സെന്ററിന്റെ (DIFC) ഭാഗമായ ദുബായ് എഐ ക്യാമ്പസും യുഎഇ എഐ സഹമന്ത്രാലയവും സംയുക്തമായാണ് ഈ രാജ്യാന്തര ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. സർക്കാർ, സ്വകാര്യ മേഖലകളിൽ കൃത്രിമബുദ്ധിയുടെ ഉപയോഗവും പങ്കാളിത്തവും ശക്തമായി തുടരുമെന്ന് ഇതോടെ ദുബായ് വീണ്ടും വ്യക്തമാക്കി.
രണ്ട് വർഷം മുൻപ് പ്രവർത്തനം ആരംഭിച്ച ദുബായ് എഐ ക്യാമ്പസിൽ നിലവിൽ അഞ്ഞൂറിലധികം മുൻനിര കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. പ്രൈവറ്റ് ഇക്വിറ്റി, വെഞ്ചർ ക്യാപിറ്റൽ ഫണ്ടുകളിൽ നിന്നായി ഒരു ബില്യൺ ദിർഹത്തിലധികം നിക്ഷേപം സ്വന്തമാക്കാൻ ഈ കമ്പനികൾക്ക് സാധിച്ചിട്ടുണ്ട്. വരുംവർഷങ്ങളിൽ ക്യാമ്പസിലെ കമ്പനികളുടെ എണ്ണം ആയിരത്തിന് മുകളിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകി മേഖലയിലെ പ്രമുഖരെ ആകർഷിക്കുന്നതിലൂടെ എഐ രംഗത്ത് ദുബായിയെ ഒന്നാമതെത്തിക്കുമെന്നും, സാങ്കേതികവിദ്യയുടെ സാധ്യതകളെ സുസ്ഥിരമായ സാമ്പത്തിക മൂല്യമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.



