പ്രപഞ്ചത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായ ഡാർക്ക് മാറ്ററിന്റെ രഹസ്യം തേടിയുള്ള അന്വേഷണത്തിൽ നിർണായക കണ്ടെത്തലുമായി ശാസ്ത്രലോകം. ഗാലക്സികളേക്കാൾ വലുപ്പവും പിണ്ഡവുമുള്ള അതിഭീമൻ തമോഗർത്തങ്ങൾ ഡാർക്ക് മാറ്ററിന്റെ പ്രധാന ഘടകമല്ലെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. പ്രപഞ്ചത്തിലെ ആകെ ദ്രവ്യത്തിന്റെ ആറിൽ അഞ്ചുഭാഗവും ഡാർക്ക് മാറ്ററാണെന്നും, ഗാലക്സികൾ ചിതറിപ്പോകാതെ നിലനിൽക്കുന്നത് ഇതിന്റെ ഗുരുത്വാകർഷണം മൂലമാണെന്നുമാണ് ശാസ്ത്രജ്ഞർ കരുതുന്നത്. നേരിട്ട് നിരീക്ഷിക്കാൻ പ്രയാസമുള്ളതും വലിയ പിണ്ഡമുള്ളതുമായ തമോഗർത്തങ്ങൾ ഡാർക്ക് മാറ്ററിന്റെ ഭാഗമായിരിക്കാമെന്ന സാധ്യത ഏറെക്കാലമായി ഗവേഷകർ പരിശോധിച്ചു വരികയായിരുന്നു.
ജർമനിയിലെ മെയിൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തിയററ്റിക്കൽ ഫിസിക്സിലെ ഗവേഷകർ ബിഗ് ബാങിന് 3,80,000 വർഷങ്ങൾക്ക് ശേഷമുള്ള കോസ്മിക് മൈക്രോവേവ് ബാക്ക്ഗ്രൗണ്ട് വികിരണത്തിലെ താപനില വ്യത്യാസങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്. സൂര്യന്റെ പിണ്ഡത്തിന്റെ 100 ബില്യൺ മടങ്ങിലധികം വലുപ്പമുള്ള അതിഭീമൻ തമോഗർത്തങ്ങൾ ഡാർക്ക് മാറ്ററിന്റെ ഭാഗമാണെങ്കിൽ ഉണ്ടാകേണ്ട താപനില വ്യതിയാനങ്ങൾ ഈ വികിരണങ്ങളിൽ കണ്ടെത്താനായില്ല. നിലവിൽ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തമോഗർത്തത്തിന് 36 ബില്യൺ സൂര്യന്മാരുടെ പിണ്ഡമുണ്ടെന്നാണ് കണക്കാക്കുന്നത്. അതിഭീമൻ തമോഗർത്തങ്ങൾ ഡാർക്ക് മാറ്ററിന്റെ ഘടകമല്ലെന്ന് ഉറപ്പിച്ചെങ്കിലും, ഛിന്നഗ്രഹങ്ങളുടെ വലുപ്പത്തിലുള്ള ചെറു തമോഗർത്തങ്ങൾ ഡാർക്ക് മാറ്ററാകാനുള്ള സാധ്യതയെക്കുറിച്ച് ഗവേഷകർ തുടർപഠനങ്ങൾ നടത്തിവരികയാണ്.



