ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വൻ നിക്ഷേപങ്ങൾ ഒഴുകുന്നതിനിടെ ചെറുകിട എഐ കമ്പനികൾക്ക് മുന്നറിയിപ്പുമായി ഇലോൺ മസ്ക്. എഐ ചിപ്പുകൾ വാടകയ്ക്ക് നൽകുന്ന നൂറുകണക്കിന് ക്ലൗഡ് കമ്പനികൾ അടുത്ത കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നും ഇതോടെ ഇരുനൂറിലധികം നിയോക്ലൗഡ് കമ്പനികൾ കൂട്ടത്തകർച്ചയും ലയനങ്ങളും നേരിടേണ്ടി വരുമെന്നും മസ്ക് പ്രവചിച്ചു. എക്സ് പ്ലാറ്റ്ഫോമിൽ നടന്ന ചർച്ചയ്ക്കിടെ സംസാരിക്കവേ, നിർമാണം പാതിവഴിയിൽ നിലച്ച ഡാറ്റാ സെന്ററുകളിൽ കമ്പ്യൂട്ടിങ് ശേഷി ഉപയോഗിക്കപ്പെടാതെ കിടക്കുന്ന സാഹചര്യം വ്യാപകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഐ ഡാറ്റാ സെന്ററുകളെ മാത്രം ആശ്രയിച്ച് പ്രവർത്തിക്കുന്ന കമ്പനികൾക്ക് മറ്റ് സ്ഥിര വരുമാന സ്രോതസ്സുകൾ ഇല്ലാത്തതിനാൽ ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകാൻ മടിക്കുകയാണ്. വൻ തുക നിക്ഷേപം വേണ്ടിവരുന്ന ഡാറ്റാ സെന്ററുകൾക്ക് വായ്പാദാതാക്കൾ ഇപ്പോൾ കർശന നിബന്ധനകൾ വെക്കുന്നതും ഈ സ്ഥാപനങ്ങൾക്ക് ഭീഷണിയാകുന്നു.
എന്നാൽ ചെറുകിട കമ്പനികൾ പണം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ, ജിപിയു (GPU) വാങ്ങുന്നതിനായി തന്റെ കമ്പനിയായ സ്പേസ് എക്സ് 40 ബില്യൺ ഡോളറിന്റെ വായ്പാ ഇടപാട് പൂർത്തിയാക്കിയതായി മസ്ക് വെളിപ്പെടുത്തി. സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിൽനിന്നും റോക്കറ്റ് വിക്ഷേപണങ്ങളിൽനിന്നുമുള്ള സ്ഥിര വരുമാനവും ഉയർന്ന ക്രെഡിറ്റ് നിലവാരവുമാണ് സ്പേസ് എക്സിന് വായ്പ എളുപ്പമാക്കിയത്. അതേസമയം, മോശം നിക്ഷേപങ്ങളും മതിയായ മൂലധനമില്ലാത്ത കമ്പനികളും പുറത്താകുന്നതോടെ എഐ മേഖലയ്ക്ക് 2027 നിർണായക വർഷമാകുമെന്ന് വെഞ്ചർ ക്യാപിറ്റലിസ്റ്റ് ചമത് പാലിഹാപിറ്റിയയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈദ്യുതി ശൃംഖലകളിലെ ശേഷിക്കുറവും ഭരണപരമായ തടസ്സങ്ങളും ഡാറ്റാ സെന്ററുകളുടെ നിർമാണം വൈകിപ്പിക്കുന്നതിനാൽ വൻതോതിൽ നിക്ഷേപ ശേഷിയുള്ള പ്രമുഖ കമ്പനികൾക്ക് മാത്രമേ ഇനി മത്സരരംഗത്ത് മുന്നേറാനാകൂ എന്നാണ് വിലയിരുത്തപ്പെടുന്നത്.



