സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്.ബി.ഐ) വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. 3,897 ഉപഭോക്താക്കളുടെ പേര്, മൊബൈൽ നമ്പർ, ജനനത്തീയതി, ഇ-മെയിൽ, വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ചോർന്ന് ഡാർക്ക് വെബിൽ എത്തിയതായി കണ്ടെത്തി. ഉപഭോക്തൃ തിരിച്ചറിയൽ നമ്പറുകൾ, വായ്പാ അപേക്ഷകൾ, ബ്രാഞ്ച് ഐഡന്റിഫയറുകൾ, ലീഡ് രേഖകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന ഫയലുകളാണ് പുറത്തായിരിക്കുന്നത്. സംഭവത്തിൽ ബാങ്ക് സൈബർ സുരക്ഷാ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും, ബാങ്കിന്റെ പ്രധാന പ്രവർത്തനങ്ങളെയോ സർവീസുകളെയോ ഇത് ബാധിച്ചിട്ടില്ലെന്ന് എസ്.ബി.ഐ വ്യക്തമാക്കി.
ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നേക്കാമെന്ന് കാട്ടി ഒക്ടോബർ 16-ന് തന്നെ ത്രെട്ട് ഇന്റലിജൻസ് സർവീസ് പ്രൊവൈഡർ, ഡിഫൻസ് സൈബർ ഏജൻസി, CERT-In എന്നിവയിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി ബാങ്ക് വക്താക്കൾ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ കൂട്ടിചേർത്തു. അതേസമയം, 3.75 ലക്ഷത്തോളം എസ്.ബി.ഐ ഉപഭോക്താക്കളുടെ വിവരങ്ങൾ കൈവശമുണ്ടെന്ന് ‘സിറിയസിം’ എന്ന അജ്ഞാത ഹാക്കിംഗ് സംഘം ഡാർക്ക് വെബ് ഫോറമായ ‘ബ്രീച്ച് ഫോറംസി’ലൂടെ അവകാശപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും, വിവരച്ചോർച്ചയ്ക്ക് പിന്നിലുള്ള ഹാക്കർമാരെക്കുറിച്ച് എസ്.ബി.ഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



