ഹരിപ്പാട് പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിലെ തുടർനടപടികളിൽ വലിയ പ്രതിസന്ധി രൂപപ്പെടുന്നു. രാജേഷ്-താര ദമ്പതികളുടെ നവജാത ശിശുവിനെ ഏറ്റെടുക്കാൻ ജില്ലാ ശിശുക്ഷേമ സമിതി (സി.ഡബ്ല്യു.സി) തീരുമാനിച്ചെങ്കിലും, കുഞ്ഞിനെ വിട്ടുനൽകില്ലെന്ന നിലപാടിൽ അമ്മ താര ഉറച്ചുനിൽക്കുകയാണ്. ദമ്പതികളുടെ രണ്ട് കുട്ടികൾ മുൻപ് മരണപ്പെട്ട സാഹചര്യത്തിലും മറ്റ് കുട്ടികളെ പരിചരിക്കുന്നതിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനാലുമാണ് നവജാത ശിശുവിനെ സുരക്ഷിതമായി ഏറ്റെടുക്കാൻ ശിശുക്ഷേമ സമിതി തയാറായത്. എന്നാൽ സി.ഡബ്ല്യു.സി അധികൃതർ നടത്തിയ ചർച്ചയിൽ കുഞ്ഞിനെ നൽകാൻ വിസമ്മതിച്ച അമ്മ, സ്വന്തം വീട്ടിലേക്ക് മടങ്ങണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചത്. ഈ ആവശ്യം സി.ഡബ്ല്യു.സി പൂർണ്ണമായും തള്ളിയിട്ടുണ്ട്.
അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ഏറ്റെടുക്കാൻ നിയമപരമായ തടസ്സങ്ങൾ നിലനിൽക്കുന്നതിനാൽ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ താൽക്കാലിക ഉത്തരവ് (ഇന്ററിം ഓർഡർ) പുറപ്പെടുവിച്ച് കുഞ്ഞിനെ ഏറ്റെടുക്കാനുള്ള സാധ്യതകളാണ് ശിശുക്ഷേമ സമിതി ഇപ്പോൾ തേടുന്നത്. അതേസമയം, രണ്ടര വയസ്സുകാരൻ മരിച്ച വിവരം ഇന്നലെ മാത്രമാണ് അമ്മ താരയെ അറിയിച്ചതെന്നും, സ്വന്തം കുഞ്ഞിന്റെ വേർപാടറിഞ്ഞിട്ടും അമ്മ യാതൊരുവിധ ഭാവവ്യത്യാസവും പ്രകടിപ്പിച്ചിരുന്നില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. മാനസികാവസ്ഥ കണക്കിലെടുത്ത് താരയ്ക്ക് വണ്ടാനം മെഡിക്കൽ കോളേജ് അധികൃതർ ഉടൻ കൗൺസിലിംഗ് നൽകും.



