India Mirror News

പാർക്കിൻസൺസിന് കാരണം വയറ്റിലെ ബാക്ടീരിയകളോ? നിർണായക കണ്ടെത്തലുമായി മലയാളി ഗവേഷകർ

പാർക്കിൻസൺസിന് കാരണം വയറ്റിലെ ബാക്ടീരിയകളോ? നിർണായക കണ്ടെത്തലുമായി മലയാളി ഗവേഷകർ

വിറയൽ, പേശികളുടെ മുറുക്കം, ചലനവൈകല്യങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന നാഡീവ്യൂഹ സംബന്ധിയായ പാർക്കിൻസൺസ് രോഗത്തിൽ, കുടലിൽ ജീവിക്കുന്ന കോടിക്കണക്കിന് ബാക്ടീരിയകൾക്ക് നിർണായക പങ്കുണ്ടെന്ന് കേരളത്തിലെ രോഗികളിൽ നടത്തിയ പുതിയ പഠനത്തിൽ കണ്ടെത്തൽ. നേച്ചർ ഗ്രൂപ്പിന്റെ പ്രമുഖ ശാസ്ത്ര ജേർണലായ ‘എൻ.ജെ.പി പാർക്കിൻസൺസ് ഡിസീസ്’ പ്രസിദ്ധീകരിച്ച ഈ പഠനം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്), തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) എന്നിവയിലെ ഗവേഷകരാണ് നടത്തിയത്. ഡോ. അനീസ പി.എ., ഡോ. ബേബി ചക്രപാണി പി.എസ്., ഡോ. ശ്യാംകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഐ.സി.എം.ആർ (ICMR) ധനസഹായത്തോടെ സംഘടിപ്പിച്ച ഗവേഷണത്തിൽ ബയോ ഇൻഫർമാറ്റിക്സ്, മൈക്രോബയോളജി, ബയോടെക്നോളജി വിഭാഗങ്ങളിലെ വിദഗ്ധരും പങ്കാളികളായി.

ഡോപാമിൻ എന്ന രാസവസ്തു ഉൽപ്പാദിപ്പിക്കുന്ന തലച്ചോറിലെ നാഡീകോശങ്ങൾ നശിക്കുമ്പോഴാണ് പാർക്കിൻസൺസ് രോഗം ഉണ്ടാകുന്നത്. ശ്രീചിത്രയിൽ ചികിത്സയിലുള്ള 65 രോഗികളുടെയും 65 ആരോഗ്യവാന്മാരുടെയും മല സാമ്പിളുകൾ ജീനോമിക് സാങ്കേതികവിദ്യയും കമ്പ്യൂട്ടർ അധിഷ്ഠിത വിശകലനങ്ങളും ഉപയോഗിച്ച് പഠിച്ചപ്പോൾ ഇവരുടെ കുടലിലെ ബാക്ടീരിയൽ ഘടനയിൽ വ്യക്തമായ വ്യത്യാസങ്ങൾ കണ്ടെത്തി. രോഗികളിൽ കുടലിൽ വീക്കമുണ്ടാക്കുന്ന ബാക്ടീരിയകൾ കൂടുതലായും, കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകൾ ഉൽപ്പാദിപ്പിക്കുന്ന ഗുണകരമായ ബാക്ടീരിയകൾ കുറഞ്ഞ അളവിലുമാണ് കാണപ്പെട്ടത്. ഈ അസന്തുലിതാവസ്ഥ കുടലിന്റെ സംരക്ഷണഭിത്തിയെ ദുർബലപ്പെടുത്തുകയും തലച്ചോറിനെ ബാധിക്കുന്ന വീക്കത്തിനും രോഗ തീവ്രതയ്ക്കും കാരണമാകുകയും ചെയ്യുന്നുവെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണേഷ്യൻ ജനവിഭാഗങ്ങളിൽ, പ്രത്യേകിച്ച് കേരളത്തിൽ, ഇത്തരമൊരു സമഗ്ര പഠനം ആദ്യമായാണ് നടക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് വർഷങ്ങൾക്ക് മുൻപ് തന്നെ മലബന്ധം തുടങ്ങിയ ദഹനപ്രശ്നങ്ങൾ കണ്ടുവരാറുള്ളതിനാൽ, ഈ കണ്ടെത്തൽ ഭാവിയിൽ രോഗനിർണയത്തിനുള്ള ലളിതമായ പരിശോധനകൾക്കും കുടലിന്റെ ആരോഗ്യം കേന്ദ്രീകരിച്ചുള്ള പുതിയ ചികിത്സാരീതികൾക്കും വഴിതുറക്കുമെന്ന് ഗവേഷകർ വിലയിരുത്തുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *