ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനം വീണ്ടും ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി സൂചന. വരുന്ന നവംബറിൽ രാത്രികാലങ്ങളിൽ 1,280 മെഗാവാട്ട് വരെ വൈദ്യുതിയുടെ ഭീമമായ കുറവുണ്ടാകാൻ സാധ്യതയുള്ളതിനാൽ വീണ്ടും ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ടി വന്നേക്കും. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായി കെ.എസ്.ഇ.ബി മുന്നോട്ടുവെച്ച പെറ്റീഷൻ, ഉയർന്ന വില ചൂണ്ടിക്കാട്ടി റെഗുലേറ്ററി കമ്മീഷൻ നിരസിച്ചതാണ് നിലവിലെ തിരിച്ചടിക്ക് പ്രധാന കാരണം. കൂടാതെ, പ്രതിസന്ധി സംബന്ധിച്ച് കഴിഞ്ഞ മാസം കെ.എസ്.ഇ.ബി നൽകിയ കത്ത് വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയെങ്കിലും ഇതുവരെ അന്തിമതീരുമാനം ഉണ്ടായിട്ടില്ല.
ഇതിനിടെ കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടായ കാലതാമസം കാരണം കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽക വാഗ്ദാനം ചെയ്തിരുന്ന ഹിമാചൽ പ്രദേശ് കരാറിൽ നിന്നും പിന്മാറിയിട്ടുണ്ട്. മാർക്കറ്റിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ ഇപ്പോഴും പുരോഗതി ഉണ്ടായിട്ടില്ലെന്ന് കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി പി.എസ്. പ്രശാന്തും വ്യക്തമാക്കി. അതേസമയം, സാങ്കേതികവും സാമ്പത്തികവുമായ ഈ പ്രതിസന്ധികൾ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാരെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.



