India Mirror News

ഐ.പി.എല്ലിലേക്ക് മടങ്ങിയെത്താൻ ഗൗതം ഗംഭീർ; 2028 സീസണിനായി നീക്കങ്ങളുമായി നാല് ഫ്രാഞ്ചൈസികൾ

ഐ.പി.എല്ലിലേക്ക് മടങ്ങിയെത്താൻ ഗൗതം ഗംഭീർ; 2028 സീസണിനായി നീക്കങ്ങളുമായി നാല് ഫ്രാഞ്ചൈസികൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെ ഐ.പി.എല്ലിലേക്ക് തിരികെ എത്തിക്കാൻ പ്രമുഖ ഫ്രാഞ്ചൈസികൾ നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്. 2028 ഐ.പി.എൽ സീസണിന് മുന്നോടിയായി ഗംഭീറിനെ ഉപദേശകനോ (മെന്റർ) പരിശീലകനോ ആയി നിയമിക്കുന്നതിനായി നാല് പ്രമുഖ ഐ.പി.എൽ ഫ്രാഞ്ചൈസികൾ പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞുവെന്ന് ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്യുന്നു. ഗംഭീറിന്റെ പഴയ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ് എന്നിവർക്ക് പുറമെ ഐ.പി.എല്ലിലെ ഏറ്റവും വിജയകരമായ ഒരു ടീമും ഇതുവരെ കിരീടം നേടാത്ത മറ്റൊരു ഫ്രാഞ്ചൈസിയുമാണ് ഗംഭീറിന്റെ പ്രതിനിധികളുമായി ബന്ധപ്പെട്ടിട്ടുള്ളത്. ഗംഭീർ ഇന്ത്യൻ ടീം പരിശീലകനായി മാറിയതോടെ കൊൽക്കത്തയ്ക്കും ലക്നൗവിനും തുടർന്നുള്ള സീസണുകളിൽ പ്ലേഓഫ് യോഗ്യത നേടാനാകാതിരുന്നതാണ് ഫ്രാഞ്ചൈസികളെ ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത്.

നിലവിൽ ന്യൂസിലൻഡിനെതിരായ ട്വന്റി-20 പരമ്പരയിലുള്ള ഗംഭീറിന് ബി.സി.സി.ഐയുമായി 2027 ഏകദിന ലോകകപ്പ് വരെയാണ് കരാറുള്ളത്. 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ് വരെ ഇത് നീട്ടിയേക്കാമെങ്കിലും ഭാവി ലക്ഷ്യമിട്ടാണ് ഫ്രാഞ്ചൈസികളുടെ ഈ മുൻകൂട്ടിയുള്ള നീക്കം. എന്നാൽ ബി.സി.സി.ഐയുടെ ‘പരസ്പര വിരുദ്ധ താത്പര്യങ്ങൾ തടയുന്ന’ (Conflict of Interest) നിയമം നിലനിൽക്കുന്നതിനാൽ ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്തിരിക്കുമ്പോൾ ഗംഭീറിന് ഐ.പി.എൽ ടീമുകളുടെ ഭാഗമാകാൻ സാധിക്കില്ല. അതിനാൽ കരാർ നീട്ടുന്ന കാര്യത്തിൽ ബി.സി.സി.ഐ എടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചായിരിക്കും ഈ നീക്കങ്ങളുടെ ഭാവി. മെന്ററെന്ന നിലയിൽ 2022, 2023 സീസണുകളിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ പ്ലേഓഫിലെത്തിച്ച ഗംഭീർ, 2024-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മൂന്നാം കിരീടവും നേടിക്കൊടുത്തിരുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *