ഐ.പി.എൽ 2027 സീസണിന് മുന്നോടിയായി പരിശീലക സംഘത്തിൽ വൻ അഴിച്ചുപണിയുമായി മുംബൈ ഇന്ത്യൻസ്. മുൻ താരം കീറോൺ പൊള്ളാർഡ് പുതിയ പ്രധാന പരിശീലകനായി ചുമതലയേറ്റതിന് പിന്നാലെ ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് പരിശീലകരെയും പുതിയതായി പ്രഖ്യാപിച്ചു. സ്ഥാനമൊഴിഞ്ഞ ബൗളിംഗ് കോച്ച് ലസിത് മലിംഗയ്ക്ക് പകരം മുൻ ന്യൂസിലൻഡ്-മുംബൈ ഇന്ത്യൻസ് താരം മിച്ചൽ മക്ക്ലെനഗനാണ് പുതിയ ബൗളിംഗ് പരിശീലകൻ. ബാറ്റിംഗ് കോച്ച് പരസ് മാംബ്രെക്ക് പകരം മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയെയും, ഫീൽഡിംഗ് കോച്ച് കാൾ ഹോപ്കിൻസണ് പകരം മുൻ ഇന്ത്യൻ ടീം ഫീൽഡിംഗ് പരിശീലകൻ ടി. ദിലീപിനെയും നിയമിച്ചു. കൂടാതെ, ഡെവലപ്മെന്റ് ബൗളിംഗ് കോച്ചായി മുൻ മുംബൈ താരം ധവാൽ കുൽക്കർണിയും സംഘത്തോടൊപ്പം ചേരും.
കളിക്കാരനായും പരിശീലകനായും മുംബൈയുടെ നാല് ഐ.പി.എൽ കിരീടങ്ങളിലും 2011-ലെ ചാമ്പ്യൻസ് ലീഗ് വിജയത്തിലും നിർണായക പങ്കുവഹിച്ച ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗയുമായുള്ള ദീർഘകാല ബന്ധം അവസാനിപ്പിച്ചതായി കഴിഞ്ഞ ദിവസമാണ് മുംബൈ ഇന്ത്യൻസ് വ്യക്തമാക്കിയത്. 2010 മുതൽ 2017 വരെ മുംബൈ ടീമിന്റെ ഭാഗമായിരുന്ന ബാറ്റിംഗ് കോച്ച് പരസ് മാംബ്രെ, ഇന്ത്യൻ ടീമിന്റെ ബോളിങ് കോച്ച് സ്ഥാനം ഒഴിഞ്ഞ ശേഷമാണ് 2024 ഒക്ടോബറിൽ വീണ്ടും മുംബൈയിലേക്ക് തിരിച്ചെത്തിയിരുന്നത്. പുതിയ പരിശീലകരുടെ വരവോടെ വരും സീസണിൽ വൻ തിരിച്ചുവരവിനാണ് മുംബൈ ഇന്ത്യൻസ് ലക്ഷ്യമിടുന്നത്.



