കായികമേളയിലെ ഭക്ഷണത്തിൽ പുഴു കണ്ടെത്തിയെന്ന വിവാദത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ രംഗത്തെത്തി. കായികമേള മനഃപൂർവം അലമ്പാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ അത് നടക്കാൻ പോകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത് പഴയ നമ്പറാണെന്നും ഇതുകൊണ്ടൊന്നും മേള തകർക്കാൻ ആകില്ലെന്നും മേള ഭംഗിയായി നടക്കുന്നുണ്ടെന്നും അങ്ങനെത്തന്നെ പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികൾ വർഷങ്ങളുടെ പ്രയത്നത്തിന് ശേഷമാണ് ഇത്തരം മേളകളിലേക്ക് എത്തുന്നതെന്നും അത് അലങ്കോലപ്പെടുത്താൻ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ അംഗീകാരത്തോടെ അഞ്ച് വർഷം ഭരിക്കാനെത്തിയ സർക്കാരാണിതെന്നും, തങ്ങളെക്കൊണ്ട് ഇത്തരം മേളകൾ നടത്താനാകില്ലെന്ന് വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെങ്കിലും കായികമേളയും വരാനിരിക്കുന്ന ശാസ്ത്ര, കലാമേളകളും ഭംഗിയായി തന്നെ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ കൈരളി മാധ്യമപ്രവർത്തകന് മർദനമേറ്റ സംഭവത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. മാധ്യമപ്രവർത്തകരെയല്ല ആരെ മർദിച്ചാലും അതാര് ചെയ്താലും തെറ്റ് തന്നെയാണ്. ഇക്കാര്യത്തിൽ അന്വേഷണം നടക്കുമെന്നും അതിനുശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി.



