നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാർ അപകടത്തിൽ മൂന്ന് പേർ മരിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം അഡീഷണൽ സെഷൻസ് കോടതി രണ്ടാമതാണ് ഒന്നാം പ്രതി സുഹൈൽ സജീവ് ഉൾപ്പെടെ മുൻ സീറ്റിലുണ്ടായിരുന്ന നിനവ്, അമീർ, ജോയൽ എന്നിവരുടെ ജാമ്യഹർജികൾ തള്ളിയത്. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും പ്രതികൾക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഒക്ടോബർ 11-ന് പുലർച്ചെയുണ്ടായ ദാരുണമായ അപകടത്തിൽ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് തൽക്ഷണം മരിച്ചത്.
കേസിൽ വാഹനം ഓടിച്ച 19-കാരനായ സുഹൈൽ സജീവിനെതിരെ നരഹത്യാക്കുറ്റവും കാറിലുണ്ടായിരുന്ന മറ്റു മൂന്ന് പ്രതികൾക്കെതിരെ കുറ്റകൃത്യത്തിന് പ്രേരണ നൽകിയെന്ന കുറ്റവുമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്ന കേസിൽ, അന്വേഷണം നിർണായക ഘട്ടത്തിൽ നിൽക്കെ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം പൂർണ്ണമായും ശരിവെച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.



