കിഫ്ബി പൂർണ്ണമായും സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും അതിനെ പ്രത്യേക സാമ്രാജ്യമാക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. നിലവിലുള്ള 31,761 കോടി രൂപയുടെ വികസന പദ്ധതികളും 27,000 കോടി രൂപയുടെ വർക്കുകളും ടെൻഡർ ചെയ്യാത്ത 4,000 കോടിയുടെ പ്രവർത്തികളും തടസ്സമില്ലാതെ തുടരുമെന്നും കിഫ്ബിയുടെ വികസന പദ്ധതികൾ അട്ടിമറിക്കപ്പെട്ടെന്ന ആരോപണത്തിൽ വസ്തുതയില്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു. എന്നാൽ മുൻ സർക്കാർ ഉയർന്ന പലിശ നിരക്കിൽ വിപണിയിൽ നിന്ന് വലിയ തുക കടമെടുത്തതാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്. പദ്ധതികളെല്ലാം പൂർത്തിയാകുമ്പോൾ കിഫ്ബിയുടെ ബാധ്യത 70,000 കോടി രൂപയായി ഉയരും. കിഫ്ബിയുടെ കടമെടുപ്പ് മൂലം സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ 12,000 കോടി രൂപയുടെ കുറവുണ്ടായെന്നും സഭ നിർത്തിവെച്ച് അടിയന്തര പ്രമേയം ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻ ധനമന്ത്രി കെ. എൻ. ബാലഗോപാൽ കിഫ്ബിയുടെ കടമെടുപ്പിനെ പണ്ട് എതിർത്തു കുറിപ്പ് നൽകിയ കാര്യം ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, ധനവകുപ്പിന്റെ യാതൊരു നിയന്ത്രണവുമില്ലാതെ ഉയർന്ന ശമ്പളത്തിൽ സ്വന്തക്കാരെ നിയമിക്കുകയും തോന്നുമ്പോലെ വായ്പ എടുക്കുകയും ചെയ്തതിനെ രൂക്ഷമായി വിമർശിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി മാത്രമാണ് ഒറ്റമൂലിയെന്ന വാദം തെറ്റാണെന്നും സിയാൽ, ഇൻഫോപാർക്ക്, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം എന്നിവയൊന്നും കിഫ്ബി വഴിയല്ല നടപ്പാക്കിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ കണ്ണൂരിൽ കിഫ്ബി ഏറ്റെടുത്ത സ്ഥലം പാറ ക്വാറിയും നിർമ്മാണയോഗ്യമല്ലാത്തതുമാണെന്ന് ഹൈക്കോടതി സമിതി കണ്ടെത്തിയതും, അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ടിന് ഓഗസ്റ്റിൽ മാത്രം കിഫ്ബി അനുമതി നൽകിയിട്ടും ഫെബ്രുവരിയിൽ തന്നെ പദ്ധതിക്ക് തറക്കല്ലിട്ടതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുൻ സർക്കാരിന്റെ കാലത്ത് ഖജനാവ് കൊള്ളയടിക്കുന്നതിന് തുല്യമായ അഴിമതിയും ചോർച്ചയുമാണ് ഉണ്ടായതെന്നും ഇതിന് ഉത്തരവാദികളായവർ ആരായാലും വെറുതെ വിടില്ലെന്നും വിഷയത്തിൽ കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



