രാജസ്ഥാനിലെ സലുമ്പാർ ജില്ലയിൽ ഉൾപ്പെടുന്ന ഘാട്ട, ലാൽപുര ഗ്രാമങ്ങളിൽ അജ്ഞാതരോഗം പടരുന്നത് വലിയ പരിഭ്രാന്തി പരത്തുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രണ്ട് വയസിനും നാല് വയസിനും ഇടയിൽ പ്രായമുള്ള അഞ്ച് കുട്ടികളാണ് രോഗം ബാധിച്ച് മരണപ്പെട്ടത്. പനിയും ഛർദ്ദിയും ബാധിച്ച കുട്ടികളിൽ രണ്ട് പേർ ഏപ്രിൽ ഒന്നിനും ബാക്കി മൂന്ന് പേർ തുടർന്നുള്ള ദിവസങ്ങളിലുമാണ് മരിച്ചത്. രോഗത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താൻ കഴിയാത്തത് ആരോഗ്യവകുപ്പിനും പ്രദേശവാസികൾക്കും ഒരുപോലെ ആശങ്കയുണ്ടാക്കുന്നുണ്ട്. ആർഎൻടി മെഡിക്കൽ കോളേജിലെ വിദഗ്ധരുടെ നേതൃത്വത്തിൽ ഗ്രാമങ്ങളിൽ വിപുലമായ പരിശോധനകൾ നടന്നുവരികയാണ്.
സ്ഥിതിഗതികൾ ഗൗരവമായി എടുത്ത രാജസ്ഥാൻ സർക്കാർ, രോഗബാധിത പ്രദേശങ്ങളിലെ ജലസ്രോതസ്സുകളിൽ നിന്നുള്ള സാമ്പിളുകളും ജനങ്ങളുടെ രക്തസാമ്പിളുകളും ശേഖരിച്ച് ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗം പകരുന്നത് എങ്ങനെയെന്നും അതിന്റെ ഉറവിടം എവിടെയാണെന്നും കണ്ടെത്താനാണ് നിലവിൽ മുൻഗണന നൽകുന്നത്. എത്രയും വേഗം രോഗകാരണം കണ്ടെത്തി പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കുമെന്ന് സർക്കാർ ഉറപ്പുനൽകി. അജ്ഞാത ബാധയെത്തുടർന്ന് ഗ്രാമങ്ങളിൽ പ്രത്യേക മെഡിക്കൽ സംഘം ക്യാമ്പ് ചെയ്ത് നിരീക്ഷണം തുടരുകയാണ്.



