ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി 2026 (NEET UG 2026) റദ്ദാക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഉത്തരവിട്ടു. മെയ് 3-ന് നടന്ന പരീക്ഷയിൽ ചോദ്യപേപ്പർ ചോർന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയോടെ ഈ നിർണ്ണായക തീരുമാനം എടുത്തത്. പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണം കേന്ദ്രസർക്കാർ സിബിഐക്ക് കൈമാറി. പരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കാനും സുതാര്യത നിലനിർത്താനുമായി പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. പുതിയ പരീക്ഷാ തീയതി പിന്നീട് ഔദ്യോഗികമായി അറിയിക്കും. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും അധിക ഫീസ് ഈടാക്കില്ലെന്നും എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്.
പരീക്ഷയ്ക്ക് ആഴ്ചകൾക്ക് മുൻപ് പ്രചരിച്ച ‘ഗസ് പേപ്പറി’ലെ (Guess Paper) 120-ഓളം ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യമുള്ളതാണെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. മെയ് 7-ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഗുരുതരമായ ക്രമക്കേടുകൾ വെളിപ്പെട്ടത്. പരീക്ഷാ കേന്ദ്രങ്ങളിൽ ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങൾ, സിസിടിവി, ബയോമെട്രിക് പരിശോധന തുടങ്ങിയ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നുവെങ്കിലും ബാഹ്യമായ ഇടപെടലുകൾ പരീക്ഷയുടെ മൂല്യം ചോർത്തിയെന്നാണ് വിലയിരുത്തൽ. ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുന്ന ഈ തീരുമാനത്തിൽ അതീവ ദുഃഖമുണ്ടെന്നും എന്നാൽ പരീക്ഷാ സംവിധാനത്തോടുള്ള വിശ്വാസം നിലനിർത്താൻ മറ്റ് വഴികളില്ലെന്നും എൻടിഎ അറിയിച്ചു. പരീക്ഷാ സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ മാത്രം പിന്തുടരണമെന്ന് അധികൃതർ നിർദ്ദേശിച്ചു.



