തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ മൂന്ന് സുപ്രധാന ഉയർന്ന തസ്തികകളിലേക്ക് പിഎസ്സി നടത്തിയ പൊതു പ്രാഥമിക പരീക്ഷയുടെ ഫലപ്രഖ്യാപനത്തിൽ ഗുരുതരമായ ക്രമക്കേട് നടന്നതായി റിപ്പോർട്ട്. പരീക്ഷയിലെ പത്ത് ചോദ്യങ്ങൾ പൂർണ്ണമായും മൂല്യനിർണ്ണയം നടത്താതെ ഒഴിവാക്കിയാണ് പിഎസ്സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ്, പെർസ്പെക്റ്റീവ് പ്ലാനിങ് ഡിവിഷൻ ചീഫ്, പ്ലാനിങ് കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ് എന്നീ തസ്തികകളിലേക്കുള്ള പരീക്ഷാഫലത്തിലാണ് ഈ വൻ അട്ടിമറി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഇൻഡസ്ട്രീസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് ആയി ഒന്നാം റാങ്ക് നേടിയ, ഇടതു സർവീസ് സംഘടനയുടെ സജീവ പ്രവർത്തകനായ അരുൺ ജെ പ്രതാപിനെ കഴിഞ്ഞ വർഷം തന്നെ ഈ തസ്തികയിൽ നിയമിക്കുകയും ചെയ്തിരുന്നു.
എന്നാൽ, റാങ്ക് പട്ടികയിലെ മാർക്കിൽ സംശയം തോന്നിയ മൂന്നാം റാങ്കുകാരൻ കെ ശ്യാം കൃഷ്ണൻ തന്റെ ഉത്തരക്കടലാസിന്റെ പകർപ്പിനായി പിഎസ്സിയെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ഡിജിറ്റൽ മൂല്യനിർണ്ണയത്തിൽ (ഓൺ സ്ക്രീൻ മാർക്കിംഗ്) 9 മുതൽ 18 വരെയുള്ള പത്ത് ചോദ്യങ്ങൾക്ക് മാർക്കിടാതെ പൂർണ്ണമായും ഒഴിവാക്കിയതായി കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹം പരാതി നൽകുകയായിരുന്നു. തുടർന്ന് പിഎസ്സി നടത്തിയ പ്രാഥമിക പരിശോധനയിൽ പരീക്ഷയെഴുതിയ 228 ഉദ്യോഗാർത്ഥികളുടെയും ഉത്തരക്കടലാസുകളിൽ ഈ പത്ത് ചോദ്യങ്ങൾ പരിശോധിച്ചിട്ടേയില്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നത്.
കഴിഞ്ഞ 2023 ജൂലൈ 13-നായിരുന്നു വിവാദത്തിനാസ്പദമായ ഈ പൊതു പ്രാഥമിക പരീക്ഷ നടന്നത്. പരീക്ഷ കഴിഞ്ഞ് രണ്ട് വർഷത്തോളമെടുത്ത് 2025 മെയ് 31-നാണ് പിഎസ്സി ഇതിന്റെ റാങ്ക് പട്ടിക പുറത്തുവിട്ടത്. സംഭവം വലിയ രീതിയിൽ വിവാദമായതോടെ പിഎസ്സി ഇപ്പോൾ അടിയന്തര ആഭ്യന്തര അന്വേഷണത്തിനൊരുങ്ങുകയാണ്. ഇന്ന് ചേരുന്ന നിർണ്ണായകമായ പിഎസ്സി യോഗത്തിൽ ഈ പരാതി വിശദമായി പരിശോധിക്കുമെന്നും, സംഭവത്തിൽ വകുപ്പുതല ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടേക്കുമെന്നും വിവരമുണ്ട്. നേരത്തെ ഡിവൈഎസ്പി, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികകളിലേക്കുള്ള പിഎസ്സി നിയമനങ്ങളിലെ ക്രമക്കേടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് പിഎസ്സിയുടെ വിശ്വാസ്യതയെ വീണ്ടും ചോദ്യം ചെയ്യുന്ന പുതിയ വിവാദം ഉയർന്നുവന്നിരിക്കുന്നത്.



