കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതിയുമായി തൽക്കാലം മുന്നോട്ടുപോകേണ്ടതില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പദ്ധതി നടപ്പാക്കുന്നതിനെതിരെ മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗും യൂത്ത് ലീഗും കടുത്ത എതിർപ്പ് ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം. വിഷയത്തിൽ നിലപാട് വ്യക്തമാക്കുന്നതിനായി രൂപീകരിച്ച ഉപസമിതി ഉടൻ യോഗം ചേരില്ലെന്നും, ഇതേക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നുമാണ് വിവരം.
അതേസമയം, പദ്ധതിയുടെ ഭാഗമായി തുടരണമെന്നും നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായുള്ള പദ്ധതിയിൽ കേരളം നേരത്തെ തന്നെ ധാരണപത്രം ഒപ്പിട്ടതാണെന്ന് ഓർമ്മിപ്പിച്ച കേന്ദ്രം, വിദ്യാർത്ഥികളുടെ താല്പര്യം സംരക്ഷിക്കാൻ ഉപസമിതിയുടെ നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു. പുതിയ സർക്കാർ അധികാരമേറ്റ ശേഷം ഇത് രണ്ടാം തവണയാണ് കേന്ദ്രം കത്തയക്കുന്നത്. എന്നാൽ ലീഗിന്റെ കടുത്ത വിമർശനത്തെ തുടർന്ന് നിലവിൽ പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സർക്കാർ.



