തിരുവനന്തപുരം: സംസ്ഥാനത്തെ 2026ലെ കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാ (കീം) ഫലം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ പ്രഖ്യാപിച്ചു. ഇത്തവണ എന്‍ജിനീയറിങ് വിഭാഗത്തില്‍ ആകെ 79,717 പേരാണ് ഉന്നതപഠനത്തിന് അർഹത നേടിയത്. സിബിഎസ്ഇ മാർക്കുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചില സാങ്കേതിക തടസ്സങ്ങൾ കാരണമാണ് മുൻപ് നിശ്ചയിച്ചതിനേക്കാൾ ഏതാനും ദിവസങ്ങൾ ഫലപ്രഖ്യാപനം നീണ്ടുപോയതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മാത്തമാറ്റിക്സ് പരീക്ഷയിലെ മാര്‍ക്കിന്റെ കൂടി അടിസ്ഥാനത്തില്‍ തയ്യാറാക്കിയ എന്‍ജിനിയറിങ് റാങ്ക് പട്ടിക പ്രകാരം അങ്കമാലി അയ്യമ്പുഴ സ്വദേശിയായ റോഷന് രാജവിനാണ് ഒന്നാം റാങ്ക്. കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് മണപ്പാട്ടി രണ്ടാം റാങ്കും തൃശ്ശൂര്‍ സ്വദേശിനി വിസ്മയ കെ ആര് മൂന്നാം റാങ്കും സ്വന്തമാക്കി. ഇതിൽ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയതും വിസ്മയയാണ്. എറണാകുളം ചോറ്റാനിക്കര സ്വദേശി രോഹിത് കൃഷ്ണ എച്ച് നാലാം റാങ്കും നേടിയിട്ടുണ്ട്. എസ്സി/എസ്ടി വിഭാഗത്തിന്റേത് ഉൾപ്പെടെയുള്ള കൂടുതൽ വിശദമായ റാങ്ക് വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.അതേസമയം, ഫാര്‍മസി (ബി.ഫാം) പ്രവേശനത്തിനായുള്ള റാങ്ക് പട്ടികയിൽ 300-ല്‍ 286.257 മാര്‍ക്ക് നേടി തൃശ്ശൂര്‍ കോട്ട സ്വദേശിയായ വിനായക് നാരായണന് ഒന്നാം റാങ്ക് കരസ്ഥമാക്കി. തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി ജസ്റ്റിന് ഈ വിഭാഗത്തിൽ രണ്ടാം റാങ്കും മലപ്പുറം സ്വദേശി ദിയ ഫാത്തിമ മൂന്നാം റാങ്കും നേടി തിളങ്ങി. കംപ്യൂട്ടർ അധിഷ്ഠിതമായി നടന്ന ഈ പരീക്ഷയും അതിന്റെ ഫലപ്രഖ്യാപനവും മികച്ച രീതിയിൽ പൂർത്തിയാക്കാൻ പ്രയത്നിച്ച പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് ജീവനക്കാർ, സി-ഡിറ്റിലെ സാങ്കേതിക വിദഗ്ധര്‍, വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ മേല്‍നോട്ടം വഹിച്ച അധ്യാപകര്‍ എന്നിവരുടെ പ്രവർത്തനങ്ങളെ മന്ത്രി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
You can share this post!
administrator



