കോഴിക്കോട്: ഫറോക്ക് താലൂക്ക് ആശുപത്രി അധികൃതരുടെ ഗുരുതരമായ വീഴ്ചയും അനാസ്ഥയും കാരണമാണ് തങ്ങളുടെ പിതാവ് മരണപ്പെട്ടതെന്ന ആരോപണവുമായി മക്കൾ രംഗത്തെത്തി. ഫറോക്ക് നല്ലൂർ നെൽമണി പറമ്പിൽ കോട്ടായി മോഹൻദാസിന്റെ മരണത്തിലാണ് ആശുപത്രി ജീവനക്കാർക്കെതിരെ മകൻ അരുൺ ദാസ് പരസ്യമായി രംഗത്തുവന്നത്. ജൂൺ 11 ന് പുലർച്ചെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്നാണ് മോഹൻദാസിനെ ഫറോക്ക് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിച്ച സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തന്നെ രോഗിയെ തിരിഞ്ഞുനോക്കിയില്ലെന്നും ആശുപത്രി ഒ.പി ചീട്ട് നൽകുന്ന സ്ത്രീ പോലും കടുത്ത ലാഘവത്തോടെയാണ് പെരുമാറിയതെന്നും മകൻ ആരോപിക്കുന്നു.
ഇതിനുപുറമേ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുള്ള യന്ത്രങ്ങളൊന്നും തന്നെ യഥാക്രമം പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള കടുത്ത അനാസ്ഥ നേരിട്ട് ബോധ്യപ്പെട്ടതോടെ പിതാവിനെ അടിയന്തരമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യമായ രേഖകൾ എഴുതിത്തരാൻ താൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാകാതിരുന്ന അധികൃതർ, അരമണിക്കൂറിന് ശേഷം ഒരു താത്കാലിക ജീവനക്കാരനെ വിട്ട് പിതാവ് മരണപ്പെട്ട വിവരമാണ് തങ്ങളെ അറിയിച്ചതെന്നും അരുൺദാസ് പറഞ്ഞു. സംഭവത്തിൽ നീതി തേടി മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്ക് മക്കൾ പരാതി നൽകിയിട്ടുണ്ട്. അതേസമയം, പരാതി ഉയർന്ന സാഹചര്യത്തിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ വിളിച്ച് മൊഴിയെടുക്കുമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.



