മധ്യപ്രദേശിൽ ജലദോഷത്തിന് ചികിത്സ തേടിയെത്തിയ പത്തൊൻപത് മാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയതിനെ തുടർന്ന് കാഴ്ചശക്തി നഷ്ടപ്പെട്ടതായി പരാതി. മധ്യപ്രദേശ് ആരോഗ്യമന്ത്രിയുടെ നേരിട്ടുള്ള ചുമതലയിലുള്ള സാഗർ ജില്ലയിലാണ് രാജ്യത്തെ ഞെട്ടിച്ച ഈ ദാരുണ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജലദോഷവും ചുമയും ഒപ്പം കണ്ണിൽ നേരിയ ചുവപ്പ് നിറവും കണ്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ ചികിത്സയ്ക്കിടെ കഫം മാറ്റാനുള്ള സിറപ്പ് മാറി കുട്ടിയുടെ കണ്ണിൽ ഒഴിച്ചതാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ കടുത്ത പ്രതിഷേധം ഉയർന്നതോടെ സംസ്ഥാന ആരോഗ്യവകുപ്പും പോലീസും സംയുക്തമായി ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സാഗർ ജില്ലയിലെ ബാണ്ട സിവിൽ ആശുപത്രിയിലാണ് അതിക്രമം നടന്നത്. ഭൂസ കമൽപുർ സ്വദേശിയായ ഇന്ദ്രാജ് വിശ്വകർമ തന്റെ മകനെ കഴിഞ്ഞ മെയ് 29നാണ് ഈ ആശുപത്രിയിൽ എത്തിച്ചത്. നേരിയ അസുഖങ്ങളുമായി എത്തിയ കുട്ടിയെ പരിശോധിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ശിശുരോഗ വിദഗ്ധൻ ഡോ. ഹിമാൻഷു വർമ കണ്ണിൽ ഒഴിക്കാനുള്ള തുള്ളിമരുന്നും പാരസെറ്റമോൾ സിറപ്പും ഇൻജക്ഷനും ഉൾപ്പെടെയുള്ള മരുന്നുകൾ കുറിച്ച് നൽകിയതായി പിതാവ് വ്യക്തമാക്കുന്നു. എന്നാൽ ഇതിനിടയിലാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായത്. തെറ്റായ മരുന്ന് കണ്ണിലൊഴിച്ചതോടെ കുട്ടിയുടെ നില വഷളാവുകയും നാല് മണിക്കൂറോളം അവിടെ തുടർന്നിട്ടും ആരോഗ്യസ്ഥിതി കൂടുതൽ മോശമാവുകയുമായിരുന്നു. കുഞ്ഞിന്റെ അവസ്ഥ ഗുരുതരമായതിനെ തുടർന്ന് പിന്നീട് സാഗറിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും അവിടുത്തെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തുടർ വിദഗ്ധ ചികിത്സയ്ക്കായി കുടുംബം കുട്ടിയെ ഭോപ്പാലിലെ എയിംസ് (AIIMS) ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.



