സംസ്ഥാനത്ത് ഇനി ബിരുദ പഠനത്തിന് പ്രവേശനം നേടാൻ പ്ലസ് ടു യോഗ്യത നിർബന്ധമല്ലെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പത്താം ക്ലാസിന് ശേഷം ഐ.ടി.ഐ, ഡിപ്ലോമ, മറ്റ് ഭാഷാ കോഴ്സുകൾ എന്നിവ പൂർത്തിയാക്കിയവർക്കും ഇനിമുതൽ ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനം നേടാനാകും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നൽകിയ പ്രൊപ്പോസലിനാണ് ഇപ്പോൾ ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുന്നത്.
പുതിയ ഉത്തരവ് അനുസരിച്ച്, ഐ.ടി.ഐ പാസായവർക്ക് ബിരുദ കോഴ്സുകളുടെ ഒന്നാം വർഷത്തിലേക്കും മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ നേടിയവർക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്കും നേരിട്ട് പ്രവേശനം ലഭിക്കും. 2027–28 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പരിഷ്കാരം സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും നടപ്പാക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.



