ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി വരുന്ന സെപ്റ്റംബറിൽ ‘പൊതുജനം എന്ത് പറയുന്നു’ എന്ന പേരിൽ സി.ജെ.പി (CJP) രാജ്യവ്യാപക പ്രചാരണം നടത്തുന്നു. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര മാറ്റങ്ങൾ പ്രധാന വിഷയമാക്കുന്ന ഈ ക്യാമ്പയിനിലൂടെ സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുന്നതും സ്വകാര്യ സ്കൂളുകളെ വഴിവിട്ട് സഹായിക്കുന്നതും ചോദ്യം ചെയ്യും. വിദ്യാഭ്യാസം കച്ചവടമല്ല, മറിച്ച് അടിസ്ഥാന അവകാശമാണെന്ന് ചൂണ്ടിക്കാട്ടുന്ന സംഘടന, ഉയർന്ന പഠനച്ചെലവ് സാധാരണ കുടുംബങ്ങൾക്ക് താങ്ങാനാവാത്ത അവസ്ഥയാണെന്ന് വ്യക്തമാക്കുന്നു. ഇതോടൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള ജനവിശ്വാസം നഷ്ടപ്പെട്ടുവെന്നും, അർദ്ധരാത്രിയിൽ പോലും സർക്കാരിന് അനുകൂലമായി കേസുകൾ പരിഗണിക്കുന്ന ജുഡീഷ്യറിയുടെ ചില നടപടികളിലും മാധ്യമങ്ങളുടെ വിധേയത്വത്തിലും മാറ്റം വരണമെന്നും സി.ജെ.പി ആവശ്യപ്പെടുന്നു.
സംഘടന വിപുലീകരണത്തിന്റെ ഭാഗമായി സി.ജെ.പി വെബ്സൈറ്റിലെ ക്യു.ആർ കോഡ് വഴി പുതിയ അംഗത്വ വിതരണത്തിന് തുടക്കമിട്ടിട്ടുണ്ട്. നിലവിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിൽ പ്രസക്തിയില്ലെന്ന് വ്യക്തമാക്കിയ ഭാരവാഹികൾ, സംഘടന യാതൊരുവിധ ഫണ്ട് ശേഖരണവും നടത്തുന്നില്ലെന്നും വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും ഓർമ്മിപ്പിച്ചു. അഞ്ച് സോണുകളിലായി പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കുന്നതിനൊപ്പം, അഭിജിത്ത് ദിപ്കെയെ കൺവീനറായും അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെ കോ-കൺവീനർമാരായും പ്രഖ്യാപിച്ചു. ധർമ്മേന്ദ്ര പ്രധാന്റെ രാജി വലിയ നേട്ടമാണെന്നും രാജ്യത്തെ യുവാക്കൾ ഭയമില്ലാതെ സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയതാണ് പ്രധാന മാറ്റമെന്നും, വിദ്യാർത്ഥികളെ കേൾക്കുന്ന മതനിരപേക്ഷ ജനാധിപത്യ കൂട്ടായ്മയായി സി.ജെ.പി മുന്നോട്ടുപോകുമെന്നും കൺവീനർ അഭിജിത്ത് ദിപ്കെ വ്യക്തമാക്കി.



