മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനം അനാവശ്യ പ്രകോപനമുണ്ടാക്കുന്നതാണെന്നും തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണെന്നും ഡീൻ കുര്യാക്കോസ് എം.പി. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പുതിയ ഡാം നിർമ്മിക്കുക എന്ന ഉറച്ച നിലപാടുമായാണ് കേരളം മുന്നോട്ടുപോകുന്നത്. തമിഴ്നാടിന് ദോഷകരമായ ഒന്നും കേരളം ചെയ്തിട്ടില്ല എന്നിരിക്കെ, അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തിയാൽ കേരളത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്ന കാര്യം ഏവർക്കും അറിവുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രസംഗത്തിലെ പരാമർശങ്ങൾക്കും വിഷയത്തിൽ വിജയ് യുടെ രാഷ്ട്രീയ പാർട്ടിയായ ടി.വി.കെ. നടത്തുന്ന പ്രസ്താവനകൾക്കും നിലവിൽ യാതൊരു നിയമസാധ്യതയോ പ്രസക്തിയോ ഇല്ല. നാഷണൽ ഡാം സേഫ്റ്റി അതോറിറ്റിയുടെ (എൻ.ഡി.എസ്.എ) ആഭിമുഖ്യത്തിൽ അണക്കെട്ടിൽ പരിശോധന നടക്കാനിരിക്കെ ഇത്തരം പ്രഖ്യാപനങ്ങൾ ജനങ്ങളിൽ അനാവശ്യ ഭീതി മാത്രമാണ് സൃഷ്ടിക്കുന്നത്. അണക്കെട്ടിന് അപകടം സംഭവിച്ചാൽ കേരളം നശിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അതിനാൽ പുതിയ ഡാം എന്ന ചർച്ച സജീവമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തമിഴ്നാടിന്റെ നിലപാട് ദൗർഭാഗ്യകരമാണെന്നും വിഷയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തുമെന്നും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫും പ്രതികരിച്ചു.



