India Mirror News

വിദേശ സംഭാവന, മണ്ഡല പുനർനിർണയ ബില്ലുകൾ പാസാക്കാൻ അനുവദിക്കില്ല: കെ.സി. വേണുഗോപാൽ

വിദേശ സംഭാവന, മണ്ഡല പുനർനിർണയ ബില്ലുകൾ പാസാക്കാൻ അനുവദിക്കില്ല: കെ.സി. വേണുഗോപാൽ

വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ദുരുദ്ദേശത്തോടെ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഈ ബിൽ സഭയിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ കോൺഗ്രസുമായി യാതൊരുവിധ മുൻകൂട്ടിയുള്ള ചർച്ചയും കേന്ദ്രം നടത്തിയിട്ടില്ല. സന്നദ്ധ സംഘടനകളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ലക്ഷ്യം വെച്ച്, ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആർ.എസ്.എസിന് എന്തുമാകാം എന്ന നിലപാടും മറ്റുള്ളവരെ നിയന്ത്രിക്കാൻ നിയമം കൊണ്ടു വരുന്നതും എന്ത് ന്യായമാണെന്ന് ചോദിച്ച അദ്ദേഹം, ബില്ലുമായി സഹകരിക്കില്ലെന്ന് കേന്ദ്രമന്ത്രിയെ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി ബില്ലിന്റെ ഉള്ളടക്കത്തെക്കാൾ വിദേശ ഫണ്ട് ദുരുപയോഗത്തെക്കുറിച്ചാണ് തന്നോട് സംസാരിച്ചതെന്നും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.

അതോടൊപ്പം, മണ്ഡല പുനർനിർണയ ബില്ലിന്റെ കാര്യത്തിലും കോൺഗ്രസ് തങ്ങളുടെ ശക്തമായ വിയോജിപ്പ് കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പാർട്ടിയുടെ നിലപാടറിയാൻ സമീപിച്ച കേന്ദ്രമന്ത്രിയോട് ബിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയതായി കെ.സി. വേണുഗോപാൽ പറഞ്ഞു. ഇന്ത്യയുടെ ഫെഡറൽ തത്വങ്ങളെ പാടെ തകർക്കുന്നതാണ് കേന്ദ്രത്തിന്റെ മണ്ഡല പുനർനിർണയ നീക്കം. സീറ്റുകളുടെ എണ്ണം കൂട്ടുമെന്ന പ്രഖ്യാപനം കേവലം പൊള്ളത്തരമാണെന്നും അത് ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡി.എം.കെ ഉൾപ്പെടെയുള്ള ഓരോ രാഷ്ട്രീയ പാർട്ടികൾക്കും ഇക്കാര്യത്തിൽ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാമെന്നും അവർ മുൻപും ഇതിൽ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *