മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ നിലപാട് നിർഭാഗ്യകരമാണെന്നും വിഷയത്തിൽ തമിഴ്നാടുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തുമെന്നും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. വലിയ സുരക്ഷാ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ, ഡിസംബർ 31-നകം ഡാം സേഫ്റ്റി അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തേണ്ട സുരക്ഷാ പരിശോധനയോ ബേബി ഡാം ബലപ്പെടുത്തലോ പോലും തമിഴ്നാട് പൂർത്തിയാക്കിയിട്ടില്ല. സുപ്രീംകോടതി നിർദ്ദേശിച്ച ഇത്തരം മാനദണ്ഡങ്ങൾ പാലിക്കാതെ ജലനിരപ്പ് ഉയർത്തുമെന്ന് പ്രഖ്യാപിച്ചത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തിയിരിക്കുന്നത് കേരളത്തിന്റെ കൂടി താല്പര്യം സംരക്ഷിച്ചുകൊണ്ടാണെന്നും അതിൽ തന്നിഷ്ടപ്രകാരം മാറ്റം വരുത്താൻ ഇരുസംസ്ഥാനങ്ങൾക്കും അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്നാട് ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. ‘തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും’ ഉറപ്പാക്കിക്കൊണ്ട് പുതിയ ഡാം നിർമ്മിക്കുക എന്ന നിലപാടിൽ കേരളം ഉറച്ചുനിൽക്കുന്നു. സംസ്ഥാനത്തിന്റെ താല്പര്യം കേന്ദ്ര സർക്കാരിനെയും സുപ്രീംകോടതിയെയും കൃത്യമായി ബോധ്യപ്പെടുത്തുമെന്നും, തമിഴ്നാടുമായി മുഖ്യമന്ത്രിതലത്തിൽ ചർച്ച നടത്തി അഭിപ്രായ സമന്വയത്തിലൂടെ പ്രശ്നം പരിഹരിക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും മന്ത്രി കൂട്ടിച്ചേർത്തു.



