അയോധ്യയിലെ സംഭാവന കൊള്ള, വിദ്യാർത്ഥികൾക്കെതിരായ പോലീസ് അതിക്രമം എന്നീ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ പാർലമെന്റിന്റെ ഇരുസഭകളും ഇന്നും കലുഷിതമായി. പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ പതിമൂന്നാം ദിനത്തിലും പ്രതിപക്ഷ ബഹളം കനത്തതോടെ ലോക്സഭയും രാജ്യസഭയും ഉച്ചയ്ക്ക് രണ്ടു മണി വരെ നിർത്തിവെക്കേണ്ടി വന്നു. പോലീസ് അതിക്രമത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ നേരിട്ടെത്തി പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷം പ്രധാനമായും ആവശ്യപ്പെടുന്നത്.
രാവിലെ സഭാ നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ത്യ സഖ്യത്തിലെ എം.പിമാർ പാർലമെന്റ് വളപ്പിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിരുന്നു. സഭയിലെ തടസ്സങ്ങൾ ഒഴിവാക്കി പ്രശ്നപരിഹാരം കണ്ടെത്തുന്നതിനായി പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. വിഷയത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ സഭയിൽ പ്രസ്താവന നടത്തണമെന്ന നിലപാടിൽ രാഹുൽ ഗാന്ധി ഉറച്ചുനിന്നതോടെയാണ് ചർച്ചകൾ ഫലം കാണാതെ പോയത്.



